ഫ്ലാറ്റ് വിഷയത്തിൽ കലങ്ങിമറിഞ്ഞ് മരടിലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ

മരട്: നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർത്ത മരടിലെ ഫ്ലാറ്റുകൾക്ക് നിർമ്മാണത്തിന് അനുമതി നൽകുന്നതിൽ നടത്തിയ ഗൂഢാലോചനയിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ഏരിയ കമ്മിറ്റി അംഗവുമായ കെ. എ. ദേവസിയുടെ പങ്ക് വ്യക്തമായിട്ടും പാർട്ടി തലത്തിൽ നടപടിയൊന്നും എടുക്കാത്തതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഭൂരിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും ഈ ഒരു വിഷയം ഉയർന്നുവരുന്നുണ്ട്.തൃപ്പൂണിത്തുറ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി എൻ സുന്ദരനാണ് ദേവസിക്ക് സംരക്ഷണം നൽകുന്നതാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആക്ഷേപം.

ഇതാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മരടിൽ സിപിഎമ്മിന് തിരിച്ചടി നേരിടേണ്ടി വന്നതെന്നാണ് ഇവരുടെ വാദം. ഇതിനു മുമ്പുള്ള ഭരണസമിതിയിൽ സിപിഎമ്മിന്റെ ഭരണം നഷ്ടപ്പെട്ടതും കെ. എ. ദേവസിയുടെ അനാവശ്യ ഇടപെടൽ കൊണ്ടാണ്.അന്ന് വിമതനെ കൂട്ടി ഭരണം പിടിച്ച സിപിഎം ആറുമാസം കെ. എ. ദേവസിക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകി ആറുമാസത്തിനുശേഷം വിമതനായ ബോബൻ നെടുംപറമ്പിലിന് ആ സ്ഥാനം നൽകാമെന്നായിരുന്നു ധാരണ വെച്ചത് .എന്നാൽ ആറുമാസം കഴിഞ്ഞിട്ടും വൈസ് ചെയർമാൻ സ്ഥാനം വിട്ടുനൽകാൻ കെ. എ. ദേവസി തയ്യാറായില്ല അതെ തുടർന്ന് വിമതൻ മറുകണ്ടം ചാടി യുഡിഎഫ് ഭരണം പിടിച്ചു. ഇതും സിപിഎമ്മിന് അന്ന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ആരോപണവിധേയരായ ഇത്തരക്കാരെ ഒഴിവാക്കി ശുദ്ധികലശം നടത്തണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം ഏരിയ കമ്മിറ്റി നേതാക്കൾ വഴി ഇത്തരക്കാരുടെ വായ്മൂടി കിട്ടാനുള്ള ശ്രമവും നടന്നുവരുന്നു . ഈ വരുന്ന ഒമ്പതാം തീയതി നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ ഈ വിഷയം കൂടുതൽ രൂക്ഷമാകാതിരിക്കാൻ നേതാക്കളുടെ തീവ്രശ്രമവും അണിയറയിൽ നടന്നുവരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് നിര്‍മ്മാണക്കേസില്‍ ചട്ടം ലംഘിച്ച് ഫ്ലാറ്റുകളുടെ നിര്‍മാണത്തിന് ഗൂഢാലോചന നടത്തിയ മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ എ ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.രണ്ടുവർഷത്തിനിടെ മൂന്ന് പ്രാവശ്യമാണ് ക്രൈംബ്രാഞ്ച് സർക്കാരിനോട് അനുമതി തേടിയത് .വ്യക്തമായ രാഷ്ട്രീയ ഇടപെടലാണ് അനുമതി ലഭിക്കാത്തതിലുള്ള കാരണം.ഇതും പ്രവർത്തകരുടെ പ്രതിഷേധത്തിന് ഒരു കാരണമായി .തൃപ്പൂണിത്തുറയിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ദേവസിയുടെ സംരക്ഷകനായിരുന്ന സി എൻ സുന്ദരനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത് തുടർ അന്വേഷണത്തിൽ ദേവസിക്കെതിരായ കുരുക്ക് മുറുക്കാനുള്ള സാധ്യതയേറി .

Related posts

Leave a Comment