സിപിഐയ്ക്ക് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പാർട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയുമായി എൽദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്. തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ എൽഡിഎഫ് തോൽക്കാൻ കാരണം എൽദോയുടെ ആർഭാട വിവാഹമെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തൽ. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് എൽദോയുടെ ആർഭാടത്തെ കുറിച്ചുള്ള റിപ്പോർട്ട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവായിരുന്നു ഈ കണ്ടെത്തൽ അവതരിപ്പിച്ചത്.

എൽദോ എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….

ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു. 2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈൻ എന്നാൽ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ’ ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്മയുടെ വിത്തുപാകും. പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും. തിന്മകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും. എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ… മാലാഖ…. പ്രതീക്ഷയുടെ പൊൻകിരണമാണ്. ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി…..

Related posts

Leave a Comment