ഫണ്ട് വിഹിതം വേണ്ടെന്നു സിപിഐ, മനസു മാറാതെ കനയ്യ

ന്യൂഡല്‍ഹി: രാഷ്‌ട്രീയ നെറികേടുകളില്‍ മനം നൊന്ത് സിപിഐ യുമായുള്ള ബന്ധം വിടാനൊരുങ്ങുന്ന യുവ നേതാവ് കനയ്യ കുമാറിനെ മാനസാന്തരപ്പെടുത്താന്‍ സിപിഐ ദേശീയ നേതൃത്വം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും ചേര്‍ന്ന് കനയ്യ കുമാറിനു വേണ്ടി സ്വരൂപിച്ച ക്രൗഡ് ഫണ്ടിലെ വിഹിതം പാര്‍ട്ടിക്കു നല്‍കേണ്ടതില്ലെന്ന് ഇന്നലെ രാത്രി പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. പാര്‍ട്ടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണ് രാജ കനയയ്യകുമാറിനെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലേക്കെന്ന സന്ദേശത്തില്‍ മാറ്റിമില്ലാതെയാണ് കനയ്യ കുമാര്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തു നിന്നു മടങ്ങിയത്. ക്രൗഡ് ഫണ്ടായി പിരിച്ചെടുത്ത 70 ലക്ഷം രൂപയില്‍ നിന്ന് ഒരു വിഹിതം പാര്‍ട്ടി ആവശ്യപ്പട്ടതു മുതലാണ് കനയ്യ കുമാര്‍ ഇടഞ്ഞത്.

ആസാദി മുദ്രാവാക്യമുയര്‍ത്തി, ജെഎന്‍യു ക്യാംപസിനെ ജനകീയ പ്രക്ഷോഭത്തിലേക്കു നയിച്ച കനയ്യ കുമാര്‍ സിപിഐയോട് രാഷ്‌ട്രീയ അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി സ്ഥാപിത താത്പര്യങ്ങളിലേക്കാണു നീങ്ങുന്നതെന്നു കാണിച്ച് അദ്ദേഹം ഈയിടെ കോണ്‍ഗ്രസിനോട് അടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യ കുമാര്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദേശീയ കാഴ്ചപ്പാടുകളില്‍ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ബിഹാറിലെ പാര്‍ട്ടി ഘടകത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച കനയ്യ കുമാറിനെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു.

കനയ്യ കുമാറിന്‍റെ രാഷ്‌ട്രീയ തീരുമാനം വരുന്നതിനു മുന്‍പ് അദ്ദേഹവുമായി അനുരഞ്ജനത്തിനാണ് സിപിഐ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കനയ്യ കുമാറിന്‍റെ പേരില്‍ പിരിച്ചെടുത്ത ക്രൗഡ് ഫണ്ടിന്‍റെ വിഹിതം വേണ്ടെന്നു വയ്ക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

Related posts

Leave a Comment