സിപിഐ ഇടതുമുന്നണി വിട്ട് കോൺഗ്രസ്സിനൊപ്പം വരണം: ചെറിയാൻ ഫിലിപ്പ്


കൊല്ലം: സിപിഐ ഇടതുമുന്നണിവിട്ട് കോൺഗ്രസ്സിനൊപ്പം വരണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ഭരണ ഗർവ്വിൽ സിപിഎം കേരളത്തെ തച്ചുടക്കുകയാണ്. തൊടുന്നതിലെല്ലാം അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യ ധ്വംസനവുമാണ് നടക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. തോപ്പിൽ രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച മുപ്പത്തി രണ്ടാമത് തോപ്പിൽ രവി അനുസ്മരണവും അവാർഡ് ദാനവും ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. സ്വർണക്കള്ളക്കടത്ത് തുടങ്ങി കെ റെയിലിലും ഒടുവിൽ ലോകായുക്തയെയും കഴിഞ്ഞ ദിവസം ഞെക്കിക്കൊന്നു. സിപിഎമ്മിന്റെ കേരളത്തിലെ മധ്യസ്ഥനായ ബിജെപിക്കാരൻ ഗവർണറുടെ ഒത്താശയോടെയാണിത്. സിപിഐയുടെ എതിർപ്പിന് പുല്ലുവിലപോലും നൽകാതെയാണ് സിപിഎം കിരാത നടപടി നടത്തിയതെന്ന വസ്തുത മറക്കരുതെന്നും ചെറിയാൻ ഫിലിപ്പ് ഓർമ്മിപ്പിച്ചു.

തോപ്പില്‍ രവി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്‌ക്കാരം നോവലിസ്റ്റ് ദേവദാസ് വി എമ്മിന് ചെറിയാന്‍ ഫിലിപ്പ് സമ്മാനിക്കുന്നു ഡോ എം ആര്‍ തമ്പാന്‍, എസ് സുധീശന്‍, ഡോ മുഞ്ഞിനാട് പത്മകുമാര്‍, കെ എം ഐ മേത്തര്‍, അഡ്വ എ ഷാനവാസ്ഖാന്‍, സൂരജ് രവി എന്നിവര്‍ സമീപം

ഇ എം എസും, ഇ കെ നായനാരും മുഖ്യമന്ത്രിയായിരുന്നപ്പോൾ വാർത്താസമ്മേളനം വിളിക്കുമ്പോൾ വലതുവശത്ത് സിപിഐയുടെ മുതിർന്ന നേതാവുണ്ടാകും. പിണറായി നടത്തുന്ന വാർത്താസമ്മേളനങ്ങളിൽ സിപിഐ നേതാക്കളുടെ പൊടിപോലും കാണുന്നില്ല. ജില്ലാ കളക്ടറുടെ നിയമനങ്ങളിൽ സിപിഐയുടെ വകുപ്പുമന്ത്രിപോലും അറിയാതെ മുഖ്യമന്ത്രിതന്നെയാണ് തീരുമാനമെടുക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
ലോകയുക്ത നിയമം സംബന്ധിച്ച് നിയമസഭയിൽ ബില്ല് വരുമ്പോൾ എതിർത്ത് വോട്ടുചെയ്യാൻ സിപി ഐ തയ്യാറാകണം. എഴുപതുകളിൽ ദേശീയതലത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ്സ്-സിപിഐ ഊഷ്മള ബന്ധം കേരളത്തിലുണ്ടാവണം. അതിന് സിപിഐ നിലപാട് മാറ്റണം. കോൺഗ്രസ്സിനൊപ്പമുണ്ടായിരുന്നപ്പോൾ സിപിഐക്ക് സുവർണ്ണകാലമായിരുന്നു. സിപിഎമ്മിന്റെ കൂടെ നിന്നാൽ സിപിഐ വട്ടപൂജ്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അനർഗളമായ വാക്‌വിലാസത്തനുടമയായ തോപ്പിൽരവി നിയമസഭയിൽ നടത്തിയിട്ടുള്ള പ്രോജ്ജ്വലമായ പ്രസംഗങ്ങൾക്കും വരികൾക്കും പ്രസക്തിയേറിയ കാലഘട്ടമാണിതെന്ന് ചെറിയാൻ ഫിലിപ്പ് അനുസ്മരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ എ ഷാനവാസ്ഖാൻ അധ്യക്ഷനായി.
കെ എം ഐ മേത്തർ, പി രാജേന്ദ്ര പ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തോപ്പിൽരവി സാഹിത്യ പുരസ്‌ക്കാരം നോവലിസ്റ്റ് ദേവദാസ് വി എമ്മിന് ചെറിയാൻ ഫിലിപ്പ് സമ്മാനിച്ചു. പതിനയ്യായിയിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡോഎം ആർ തമ്പാൻ പ്രശസ്തി പത്രം വായിച്ച് സമർപ്പിച്ചു. മുഞ്ഞിനാട് പത്മകുമാർ, ജനറൽ സെക്രട്ടറി എസ് സുധീശൻ, സൂരജ് രവി തുടങ്ങിയവർ സംസാരിച്ചു. രാവിലെ തോപ്പിൽ രവിയുടെ ശവകുടീരത്തിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.

Related posts

Leave a Comment