തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങൾ: പോലീസിന് സി.പി.ഐ മന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് അടുത്തിടെ നടന്ന ഗുണ്ടാ ആക്രമണങ്ങളിൽ പോലീസിന് മുന്നറിയിപ്പുമായി എൽ.ഡി.എഫിലെ പ്രധാന ഘടകക്ഷിയായ സി.പി.ഐയുടെ മന്ത്രിയായ ജി.ആർ അനിൽ രംഗത്ത്. പോലീസ് ജാഗ്രതയോടെ നീങ്ങണം. ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ പിന്നീട് എന്തെന്ന് അപ്പോൾ പറയാമെന്നുമാണ് മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പോത്തൻകോട് വച്ച് അച്ഛനെയും മകളെയും ഗുണ്ടാ സംഘം റോഡിലാക്രമിച്ച സംഭത്തെ തുടർന്നാണ് മന്ത്രി പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. കേസിൽ പോലീസിനുണ്ടായത് ഗുരുതരവീഴ്ചന്നാണ് കണ്ടെത്തൽ. അച്ഛനും മകൾക്കും നേരെയുണ്ടായ ആക്രമണം വളരെ നിർഭാഗ്യകരമായ സംഭവമാണ്. അതിനു തൊട്ടുമുമ്പ് അവിടെ നടന്ന രണ്ട് സംഭവങ്ങൾ മാധ്യമങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗുണ്ടാപ്പകയിൽ നടന്ന കൊലപാതകത്തിന്റെ നടുക്കം മാറും മുൻപായിരുന്നു പോത്തൻകോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. കാറിൽ വരികയായിരുന്ന വെഞ്ഞാറമ്മൂട് വയ്യേറ്റ് ഇടവിളാകത്തുവീട്ടിൽ ഷെയ്ക് മുഹമ്മദ്ഷാ, പ്ലസ്ടു വിദ്യാർഥിനിയായ മകൾ എന്നിവരെയാണ് കാറിലെത്തിയ നാലംഗ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്. പള്ളിപ്പുറത്ത് സ്വർണ കവർച്ചാ കേസുൾപ്പെടെ വിവിധ കേസുകളിലെ പ്രതി കൊയ്ത്തൂർക്കോണം വെള്ളൂർ പള്ളിക്കു സമീപം മുബീനാ മൻസിലിൽ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തി. ആരെയും പിടികൂടാനായില്ല. സംഘം സഞ്ചരിച്ച വാടകക്കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അച്ഛനും മകളും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനെത്തിയത് ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്നറിഞ്ഞതോടെ ഇവർ പൊലീസ് സംരക്ഷണം തേടി. ബുധൻ രാത്രി 8.30-ന് ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. അടുത്തിടെ ബാലരാമപുരത്തും ഗുണ്ടാ സംഘം മയക്കുമരുന്ന് ലഹരിയിൽ ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങൾ അടിച്ചു തകർത്തിരുന്നു. ഇൗ കേസിലും പോലീസിന്റെ പ്രവർത്തനങ്ങൾ ഏറെ വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Related posts

Leave a Comment