കെ റെയിലില്‍ കാനം രാജേന്ദ്രനെ തള്ളി സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗം

കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളി കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗം.സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലെ  പൊലീസ് നടപടിയെ ന്യായീകരിച്ച കാനം രാജേന്ദ്രന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചോദിച്ചു.സി.പി.ഐ പ്രായപരിധി മാനദണ്ഡത്തിനെതിരെയും യോഗത്തില്‍  രൂക്ഷവിമര്‍ശനമുണ്ടായി.സംസ്ഥാന നിര്‍വാഹക സമിതി അംഗം സി.എന്‍ ചന്ദ്രനാണ് സംസ്ഥാനകൗണ്‍സില്‍ തീരുമാനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.മണ്ഡലം സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പാര്‍ട്ടി തീരുമാനത്തിലുള്ള എതിര്‍പ്പ് അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള ബഹുജനപ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോയെന്നും നേതാക്കള്‍ ചോദിച്ചു.കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഉമ്മ വച്ച ഏതുപോലീസാണ് കേരളത്തിലുള്ളതെന്ന കാനം രാജേന്ദ്രന്റെ പ്രസ്ഥാവന കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോ എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.സില്‍വര്‍ലൈന്‍ പദ്ധതിയെകുറിച്ച് ഹിതപരിശോധന നടത്തിയാല്‍ 90 ശതമാനം പാര്‍ട്ടിഅംഗങ്ങളും ഇതിന് എതിരായിരിക്കും.താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം നേതൃത്വം മനസിലാക്കണം.പ്രായപരിധി മാനദണ്ഡം ഭാവിയില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യണമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment