സിപിഎം-സിപിഐ പോര്, പത്തനംതിട്ടയിൽ ഇടതു പരിപാടികൾ ബഹിഷ്കരിച്ച് സിപിഐ

പത്തനംതിട്ട: ജില്ലയിൽ സിപിഎം- സിപിഐ പോര് രൂക്ഷം. ഉഭയ കക്ഷി ചർച്ചകളിലെ തീരുമാനങ്ങൾ സിപിഎം പാലിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫ് പരിപാടികൾ ബഹിഷ്കരിക്കുമെന്നു സിപിഐ. കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതാണ് പ്രകോപനം. പ്രതികൾക്കെതിരേ പൊലീസ് മൃദു സമീപനം സ്വീകരിക്കുകയാണെന്നും ആക്ഷേപം. മുതിർന്ന നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ അടൂരിൽ പൊലീസ് സ്റ്റേഷൻ ഉപരോധം വരെ നടന്നെങ്കിലും സിപിഎം ജില്ലാ നേതൃത്വം പ്രതികളെ സംരക്ഷിക്കുകയാണ്.
കൊടുമൺ അങ്ങാടിക്കലിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സിപിഐ-സിപിഎം സംഘർഷത്തിന് പരിഹാരം കാണാൻ ജില്ലാ നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. കുറ്റക്കാരായ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ച നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല.
ഇനിയും സിപിഎമ്മിന്റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ തീരുമാനം. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വികാരം പരിഗണിക്കണമെന്ന് സിപിഐ ജില്ലാ കമ്മിറ്റിയിലും ചർച്ച വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സിപിഐ കടുപ്പിക്കുന്നത്. സിപിഎം നേതാക്കൾ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും സിപിഐ ഇനി സഹകരിക്കില്ല. സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ സിപിഎമ്മിനെതിരേ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സിപിഎമ്മിന്റെ അടിമപ്പണി ചെയ്യരുതെന്ന് സമ്മേളനങ്ങളിൽ അണികൾ ആവശ്യപ്പെട്ടു. അങ്ങാടിക്കൽ സർവീസ് സഹകരണ സംഘം ഡയറക്റ്റർ ബോർഡിലേക്കു നടന്ന തെരഞ്ഞെടുപ്പ് മുതലാണ് സംഘർഷം ഉടലെടുത്തത്. പരസ്പരം മത്സരിച്ച സിപിഎം സിപിൈ സ്ഥാനാർഥികൾ തമ്മിലും പിന്നീട് പ്രവർത്തകർ തമ്മിലും ഏറ്റുമുട്ടി. സിപിഐ നേതാക്കളുടെ വീടുകളടക്കം അടിച്ചു തകർത്തിരുന്നു.

Related posts

Leave a Comment