‘ജോസ് കെ മാണിയെ അത്രയങ്ങ് പുകഴ്ത്തേണ്ട’; സിപിഎം തെരഞ്ഞെടുപ്പ് റിപ്പോർട്ട് തള്ളി സിപിഐ


നിസാർ മുഹമ്മദ്

*‍ഡി. രാജയ്ക്കെതിരെ വിമർശനം, ശിവരാമന് പരസ്യ താക്കീത്

തിരുവനന്തപുരം: ജോസ് കെ മാണിയുടെ പാർട്ടിയെ പുകഴ്ത്തിപ്പറഞ്ഞും സിപിഐയെ പരോക്ഷമായി ഇകഴ്ത്തിയും അവതരിപ്പിക്കപ്പെട്ട സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന് തുടർഭരണം ഉണ്ടായതിന് പിന്നിൽ മധ്യകേരളത്തിൽ കേരളാ കോൺഗ്രസ് (എം)ന്റെ ശക്തമായ സ്വാധീനം ചൂണ്ടിക്കാട്ടി സിപിഎം തയാറാക്കിയ അവലോകന റിപ്പോർട്ടിനെതിരെയാണ് സിപിഐ വിമർശനം ഉയർത്തിയത്. കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് സിപിഎം ശരിയായ വിലയിരുത്തൽ നടത്തിയിട്ടില്ലെന്നും മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐയെ കുത്തിനോവിക്കുന്ന അഭിപ്രായങ്ങളാണ് റിപ്പോർട്ടിൽ എഴുതിച്ചേർത്തതെന്നുമായിരുന്നു എം.എൻ സ്മാരകത്തിൽ നടന്ന സിപിഐ കൗൺസിലിന്റെ പൊതുവികാരം. ജോസ് കെ മാണിയുടെ പാർട്ടി ഇടതുപക്ഷത്തേക്ക് വന്നത് കൊണ്ട് യുഡിഎഫിൽ ചെറിയ തോതിൽ ശക്തിക്ഷയമുണ്ടായി എന്നത് വസ്തുതയാണെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിൽ കേരളാ കോൺഗ്രസ് (എം) സ്വാധീന ശക്തിയായി മാറിയെന്ന സിപിഎമ്മിന്റെ വിലയരുത്തൽ ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ തുറന്നടിച്ചു. സിപിഐ സ്ഥാനാർത്ഥികൾ മൽസരിച്ച ചില മണ്ഡലങ്ങളിൽ പരാജയമുണ്ടായതിനെ സിപിഎം വിമർശിക്കുന്നതിന് പിന്നിൽ ഗൂഢതാൽപര്യങ്ങളുണ്ട്. ഇത് അംഗീകരിക്കാനാവില്ല. സിപിഎം സ്ഥാനാർത്ഥികൾ മൽസരിച്ചു വിജയിച്ച മണ്ഡലങ്ങളിൽ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അവമതിക്കുന്നത് ശരിയല്ല. മുന്നണിയെന്നത് കൂട്ടായ്മയാണ്. പക്ഷെ, സ്വന്തം നിലയിൽ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചുവെന്ന അവകാശവാദം സിപിഎമ്മിന് ഭൂഷണമല്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവുകൊണ്ട് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടായില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റം യുഡിഎഫിനെ ക്ഷയിപ്പിച്ചു എന്നതല്ലാതെ മറ്റൊരു വസ്തുതയും ഇല്ലെന്നും കാനം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മൽസരിച്ച പറവൂരിൽ സിപിഐ സ്ഥാനാർഥി പോരായിരുന്നു എന്നാണ് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, പല സിപിഎം സ്ഥാനാർത്ഥികളും അത്ര പോരായിരുന്നുവെന്ന അഭിപ്രായം സിപിഐക്കുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഉൾപ്പെടുത്താത്തത് മുന്നണി മര്യാദയുടെ ഭാഗമായാണെന്ന് സിപിഐ കൗൺസിൽ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്റെ റിപ്പോർട്ടിൽ അവതരിപ്പിക്കപ്പെട്ട പരമാർശങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മൽസരിക്കുന്നത് കൊണ്ടാണ് സിപിഐ സ്ഥാനാർത്ഥികൾ വിജയിക്കുന്നത് എന്ന പരാമർശം സിപിഐയെ വിലകുറച്ചു കാണുന്നതാണ്, കരുനാഗപ്പള്ളിയിൽ വലിയ വോട്ടിന് സിപിഐ തോൽക്കാൻ ഇടയായി, സിറ്റിങ് സീറ്റായ അടൂരിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു, ചേർത്തലയിൽ സിപിഐക്ക് ഉള്ളിലെ പ്രശ്നങ്ങൾ ഭൂരിപക്ഷം കുറയാ‍ൻ ഇടയാക്കി എന്നിങ്ങനെയുള്ള റിപ്പോർട്ട് സിപിഐക്ക് നേരെയുള്ള ഒളിയമ്പാണെന്നും കൗൺസിൽ യോഗം വിലയിരുത്തി.
കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫിനെക്കാൾ വോട്ട് എൽഡിഎഫിനു കിട്ടാൻ കേരള കോ‍ൺഗ്രസ് (എം)ന്റെ മുന്നണി പ്രവേശനം സഹായിച്ചെന്നാണ് സിപിഎം അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പുതിയ വിഭാഗങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യാനും കേരള കോൺഗ്രസിന്റെ (എം) വരവ് സഹായകരമായെന്ന് സിപിഎം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയ്ക്കെതിരെയും കൗൺസിൽ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു. കേരളാ പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച നടപടിക്കെതിരെയാണ് വിമർശനം ഉണ്ടായത്. സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കും. സംസ്ഥാനത്തെ കാര്യം പറയുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ അനുവാദം വാങ്ങണം. ആ തീരുമാനം ഒരു ദേശീയ എക്സിക്യൂട്ടീവ് അംഗം ലംഘിച്ചു എന്നായിരുന്നു യോഗത്തിന്റെ പൊതുവികാരമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. അതുമായി ബന്ധപ്പെട്ട് താനയച്ച കത്ത് ദേശീയ എക്സിക്യൂട്ടീവ് ശരിവച്ചു. പാർട്ടിയുടെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ല. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിക്കണം. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. യുപിയിലെ പൊലീസല്ല കേരളത്തിലേത്. ഡി. രാജയ്ക്ക് അതറിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കാനം പറഞ്ഞു.  
നേരത്തെ സിപിഐ സംസ്ഥാന എക്സിക്യുട്ടീവിലും രാജയുടെ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതിലാണ് വിമർശനം ഉയർന്നത്.
‘ജനയുഗ’ത്തെ വിമര്‍ശിച്ച കെ.കെ ശിവരാമനെ പരസ്യമായി സിപിഐ താക്കീത് ചെയ്യാനും അത് പരസ്യപ്പെടുത്താനും കൗൺസിൽ തീരുമാനമെടുത്തു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചിട്ടില്ല. ശിവരാമനു ഗുരുഭക്തി ഉണ്ടോയെന്നറിയില്ലെന്നായിരുന്നു കൗൺസിലിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കാനത്തിന്റെ പ്രതികരണം. ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ പാർട്ടി പത്രം ഗുരുവിന് അർഹമായ പ്രാതിനിധ്യം കൊടുത്തില്ലെന്ന് ശിവരാമൻ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ശിവരാമന്റെ മറുപടി പാർട്ടി എക്സിക്യൂട്ടിവും കൗൺസിലും ചർച്ച ചെയ്തശേഷമാണ് താക്കീതു ചെയ്യാൻ തീരുമാനിച്ചത്.  പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പത്രത്തിന്റെ ചീഫ് എഡിറ്റർ. പാർട്ടി പത്രത്തിന്റേത് ഗുരുനിന്ദയാണെന്നും ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും പത്രത്തിനു ഭൂഷണമല്ലെന്നുമായിരുന്നു ശിവരാമൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Related posts

Leave a Comment