ഇടത് സർക്കാർ പ്ലാനിംങ്ങ് സമ്പ്രദായത്തെ അട്ടിമറിക്കുകയാണെന്ന് സി.പി.ജോൺ

തിരുവനന്തപുരം: സംസ്ഥാന വാർഷിക പദ്ധതിയുടെ 40 ശതമാനം തുകയും ഫെബ്രുവരി മാസമായിട്ടും ചെലവാക്കാത്ത ഇടതുമുന്നണി സർക്കാർ പ്ലാനിങ്ങ് സമ്പ്രദായത്തെ തന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ. കിഫ്ബി ആരംഭിച്ചത് മുതൽ പ്ലാനിങ്ങിനെയും പ്ലാനിങ്ങ് ബോർഡിനേയും അവഗണിക്കുകയായിരുന്നു പിണറായി സർക്കാർ. സംസ്ഥാന പ്ലാൻ നടപ്പുവർഷം 30,000 കോടിയിൽ നിന്ന് 27,000 കോടിയായി വെട്ടിച്ചുരുക്കി. അടുത്തവർഷം (2022-23) അത് പഴയ 30,000 കോടിയായി വർധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും, ഈ വർഷത്തെ പദ്ധതി നിർവ്വഹണം 27,000 കോടിയുടെ 60 ശതമാനം മാത്രമാണ്. കേന്ദ്ര ആവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിലും സർക്കാർ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. 7000 കോടിയുടെ കേന്ദ്ര ആവിഷ്‌കൃത പദ്ധതി അടക്കം 37,000 കോടിയുടെ നടപ്പുവർഷ പദ്ധതിയിൽ വെറും 22,000 കോടിയാണ് ആകെ ചെലവ് (സംസ്ഥാന പദ്ധതിയിൽ വെറും 16,200 കോടി രൂപ മാത്രം). കഴിഞ്ഞ മൂന്നു വർഷക്കാലമായി പദ്ധതി വർധിപ്പിക്കാതെയും വെട്ടിച്ചുരുക്കിയും ഇടതുമുന്നണി സർക്കാർ നടത്തുന്ന പദ്ധതിവിരുദ്ധത കേന്ദ്രസർക്കാരിന്റെ പദ്ധതിവിരുദ്ധതയ്ക്ക് സമാനമാണ്. പ്ലാനിങ്ങിനു പകരം ഭരണാധികാരികളുടെ ഫാൻസി പ്രോജക്ടുകൾ, അടിച്ചേൽപിക്കുന്ന നവലിബറലിസത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് പിണറായി സർക്കാർ. പ്ലാൻ ചുരുങ്ങുമ്പോൾ എസ്.സി, എസ്.റ്റി വിഭാഗത്തിനായുള്ള എസ്.സി.പി, റ്റി.എസ്.പി ചെലവുകൾ കുത്തനെ ഇടിയും. പാർശ്വവൽകൃത വിഭാഗത്തെ ഒപ്പം കൊണ്ടുവരുകയെന്ന പ്ലാനിങ്ങിന്റെ അടിസ്ഥാനസങ്കല്പത്തിനു തന്നെ ഇടതുമുന്നണി തുരങ്കം വച്ചിരിക്കുകയാണെന്ന് സി.പി.ജോൺ കുറ്റപ്പെടുത്തി.

Related posts

Leave a Comment