രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

ബംഗളൂരു: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. എസ്.ഡി.എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കര്‍ണാടകയിലെ ധാര്‍വാഡ് ജില്ല അധികൃതർ അറിയിച്ചു. കോളേജിൽ സംഘടിപ്പിച്ച ഒരു പരിപാടിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളേജിലെ രണ്ട് ഹോസ്റ്റലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കോളേജിലെ ക്ലാസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിന്റെ രണ്ട് ഡോസ് നല്‍കിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. രോഗം ബാധിച്ച കുട്ടികളെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. മറ്റ് കുട്ടികളെ കോവിഡ് പരിശോധന ഫലം വരുന്നത് വരെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും കോളജ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച ചിലര്‍ക്ക് പനിയും ചുമയുമുണ്ട്. മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Related posts

Leave a Comment