കോവിഡ്. വാക്സിൻ കുത്തിവെപ്പിലെ ഇടവേളകളും രോഗപ്രതിരോധ ശേഷിയും , ഒരു താരതമ്യ പഠനം

കൊച്ചി: രണ്ട് കോവിഡ് വാക്സിനേഷനുകൾക്കിടയിലെ ഇടവേളകൾ ഏത് രീതിയിലാണ് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നത്.
ഹ്രസ്വ ഇടവേളയായ 4 മുതൽ 6 ആഴ്ചയാണോ, അതോ 10-14 ആഴ്‌ചകൾക്കിടയിലെ ഇടവേളയാണോ നല്ലത്. ഇതിനെക്കുറിച്ച് കൊച്ചി ആസ്ഥാനമായ കെയർ ഹോസ്പറ്റലിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായിയും അദ്ദേഹത്തിന്റെ സംഘവും വിശദമായ പഠനം നടത്തി.

കോവിഡ് വാക്സിനെടുത്ത 1500ഓളം രോഗികളിലാണ് പഠനം നടത്തിയത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത 213 രോഗികളിൽ രണ്ട് വാക്സിൻ കുത്തിവെപ്പുകൾക്കിടയിലെ ഇടവേള, കോവിഡ് പ്രതിരോധശേഷി ഉണ്ടാക്കുന്നതിൽ എപ്രകാരം സ്വാധീനിക്കും എന്നും പഠിച്ചു.

മേയ് വരെ, രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള 4 മുതൽ 6 ആഴ്ച വരെയായിരുന്നു. ഈ സമയത്ത് രണ്ട് ഡോസുകൾ സ്വീകരിച്ച 102 രോഗികളെയും, കേന്ദ്രസർക്കാറിന്റെ നയമാറ്റത്തിന് ശേഷം 10 മുതൽ 12 ആഴ്ച ഇടവേളയിൽ വാക്സിനെടുത്ത 111 രോഗികളെയും ആണ് പഠനവിധേയമാക്കിയത്.

രണ്ട് ഗ്രൂപ്പുകളിലെയും എത്രമാത്രം പ്രതിരോധ ശേഷി ഉണ്ടെന്ന് അളന്നത് ആന്റി-സ്പൈക്ക് ആന്റിബോഡി പരിശോധനയിലൂടെയാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ഈ പരിശോധന നടത്തിയത്.

4 മുതൽ 6 ആഴ്ച ഇടവേളയിൽ വാക്സിൻ എടുത്ത രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ 10 മുതൽ 14 ആഴ്ച ഇടവേളയിൽ വാക്സിൻ എടുത്ത രോഗികളിലെ ആന്റിബോഡി അളവ് 3.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. അതിനാൽ, രണ്ട് കുത്തിവെപ്പുകൾക്കിടയിലെ ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകൾ മികച്ചതായിരിക്കും എന്ന് മനസിലാക്കാനായി. ഉയർന്ന ആന്റിബോഡി അളവ് രോഗങ്ങളിൽ നിന്ന് ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകും. പ്രതിരോധശേഷി ദീർഘകാലം നിലനിർത്തുകയും ചെയ്യും.

മറ്റൊരു കാര്യം ഓർക്കേണ്ടത് ഒറ്റ ഡോസ് വാകിസിനേഷൻ ഡെൽറ്റ വേരിയന്റിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്നില്ലെന്ന് നമുക്കറിയാം. ഇക്കാരണത്താൽ, രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ, ഡോസുകൾക്കിടയിലുള്ള കാലയളവിൽ ആദ്യ ഡോസ് ലഭിച്ച ഒരു വ്യക്തിക്ക് കോവിഡ് വരാനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ട് ആദ്യ ഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്.

Related posts

Leave a Comment