അധികൃതരുടെ അനാസ്ഥയിൽ പാഴായത് 800 ഡോസ് വാക്സിൻ

കോഴിക്കോട്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായി. വാക്സിൻ സൂക്ഷിച്ച താപനിലയിൽ വന്ന അപാകതയാണ് വാക്സിൻ ഉപയോഗശൂന്യമായതിന് കാരണമെന്നാണ് ലഭ്യമായ വിവരം. ചെറൂപ്പ, പെരുവയൽ, പെരുമണ്ണ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വിതരണത്തിനായി ചെറൂപ്പ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് വാക്സിൻ എത്തിച്ചത്.

ചൊവ്വാഴ്ച വാക്സിൻ വിതരണത്തിനായി എടുത്തപ്പോഴാണ് 800 ഡോസ് കോവിഷീൽഡ് വാക്സിൻ പൂർണമായും ഉപയോഗ്യശൂന്യമായ വിവരം കണ്ടെത്തിയത്. വാക്സിൻ സൂക്ഷിച്ച ഫ്രിഡ്ജിലെ താപനിലയിൽ മാറ്റം വന്നതാണ് പ്രശ്നമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് കോഴിക്കോട് ഡിഎംഒ ഡോ വി ജയശ്രീ നിർദേശം നൽകി.അതേസമയം, വാക്സിൻ പാഴാക്കിയ അധികൃതരുടെ നടപടിക്കെതിരെ കോൺഗ്രസ്, മുസ്‍ലിം ലീഗ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Related posts

Leave a Comment