വീര്യം കൂടിയ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തി ;ഇന്ത്യയിൽ മൂന്നാം തരംഗത്തിന് ആശങ്ക

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയിൽ വീര്യം കൂടിയ പുതിയ കോവിഡ് വൈറസിൻറെ പുതിയ വകഭേദത്തെ കണ്ടെത്തിയതോടെ ആശങ്ക.ഇന്ത്യയിൽ ഈ വൈറസ് കോവിഡിൻറെ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന ആശങ്ക ഇതോടെ ഉയർന്നിരിക്കുകയാണ്.

ദക്ഷിണാഫ്രിക്ക, ബോട്‌സ് വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വൈറസിൻറെ ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ബി1.1. 529 എന്നാണ് ഈ വൈറസ് വകഭേദത്തിൻറെ പേര്. ബോട്‌സ് വാനയിൽ മൂന്നും ദക്ഷിണാഫ്രിക്കയിൽ ആറും ഹോങ്കോങിൽ ഒന്നും കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഉയർത്ത അളവിൽ മ്യൂട്ടേഷൻ സംഭവിച്ചിട്ടുള്ള വകഭേദമായതിനാൽ പൊതുജനാരോഗ്യത്തിന് വൻ ഭീഷണിയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇക്കാര്യം നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും അന്താരാഷ്ട്ര യാത്ര തുറന്നതും പ്രശ്‌നമാണെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളിലൂടെ കടന്നുപോകുന്നവരും ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരും കർശനമായി പരിശോധനകൾ നടത്തണമെന്നും രാജേഷ് ഭൂഷണൽ അറിയിച്ചു.

ഹോങ്കോങിൽ ഈ വൈറസ് വകഭേദം എത്തിയത് ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്രക്കാരൻ വഴിയാണ്. ശരീരത്തിൻറെ പ്രതിരോധ ശേഷിയെ വെട്ടിച്ച്‌ കടക്കാനുള്ള അതിതീവ്രശേഷി ബി.1.1. 529 എന്ന വൈറസ് വകഭേദത്തിനുണ്ടെന്ന് മാത്രമല്ല എളുപ്പം പടർന്നുപിടിക്കാനും ശേഷിയുണ്ടെന്ന് ജോഹന്നാസ് ബർഗിൽ നിന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ സാമ്ബിളുകൾ സർക്കാർ അംഗീകൃത ലാബിലേക്ക് പരിശോധനയ്ക്കയക്കുകയാണ്.

ഈ വകഭേദത്തിന് എളുപ്പം പടർന്നുപിടിക്കാനുള്ള ശേഷിയുണ്ട്. ആരോഗ്യരക്ഷാസംവിധാനത്തിൽ അടുത്ത ഏതാനും നാളുകളിലും ആഴ്ചകളിലും വലിയ സമ്മർദ്ദമുണ്ടാക്കാൻ ഈ വൈറസ് വകഭേദത്തിന് ശേഷിയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വൈറോളജിസ്റ്റ് ടുലിയോ ഡെ ഒലിവെയ്‌റ പറഞ്ഞു. ആരോഗ്യവിദഗ്ധർ ബി.1.1.529 വകഭേദത്തെക്കുറിച്ച്‌ അപായമണി മുഴക്കിയതോടെ കൂടുതൽ രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തി രോഗം പകരുന്നത് തടയാൻ മുൻകയ്യെടുക്കുകയാണ്.

Related posts

Leave a Comment