രാജ്യത്ത് മൂന്നാം തരം​ഗം ആരംഭം ; 71ശതമാനം കുട്ടികളിലും ആന്റിബോഡി

ചണ്ഡിഗഡ്: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് പഠനറിപ്പോർട്ട്. സിറോ സർവെ അടിസ്ഥാനമാക്കി ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്. മൂന്നാംതരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്നും 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും സർവേ പറയുന്നു. അതേസമയം മൂന്നാം തരംഗത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നൽകി.

27,000 കുട്ടികളിൽ പിജിഐഎംഇആർ നടത്തിയ പഠനത്തിൽ 71 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്.’ ഡോ. ജഗത് റാം പറഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും നടത്തിയ സിറോ സർവേയിൽ 50 മുതൽ 75 ശതമാനം വരെ കുട്ടികളിൽ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ആന്റിബോഡികൾ കോവിഡ് മൂലം രൂപപ്പെട്ടതാണ്. അതിനാൽ തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു

രണ്ടാംതരംഗത്തിൽ കോവിഡ് കുട്ടികളെയും ബാധിച്ചിരുന്നു. മാർച്ച്‌ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഒന്നു മുതൽ 10 വയസുവരെയുള്ള കുട്ടികളിൽ രോഗികളുടെ ശതമാനം വർധിച്ചു. മാർച്ചിലെ 2.8 ശതമാനത്തിൽ നിന്ന് ഓഗസ്റ്റായപ്പോൾ ഇത് 7.04 ശതമാനമായാണ് വർധിച്ചത്. നൂറ് രോഗികളിൽ 7 പേർ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാൽ മതിയെന്ന നിർദേശം ഉന്നതാധികാര സമതി മുന്നോട്ടുവയ്ക്കുന്നു. അതേസമയം 12 മുതൽ 17വരെയുള്ളവർക്ക് അടുത്തമാസം മുതൽ വാക്‌സിൻ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച സൈക്കോവ് ഡി വാക്‌സിനാവും നൽകുക. അമിതവണ്ണം, ഹൃദ്‌രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കാവും മുൻഗണന.

Related posts

Leave a Comment