നിയന്ത്രണങ്ങൾ നീട്ടാനാവില്ല; അതിന് സാഹചര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് മുഖ്യമന്ത്രി. എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യമൊരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തുന്നത്. ആ ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ല. കോവിഡ് രണ്ടാംതരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ടടങ്ങി തുടങ്ങിയെങ്കിലും കേരളത്തിലെന്തുകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍  അത്ഭുതപ്പെടേണ്ടതില്ല.  അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങൾ എക്കാലവും തുടർന്ന് പോകാൻ കഴിയാത്തതിനാലാണ് ഇളവുകൾ നൽകിയത്. എന്നാൽ ആ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. അനാവശ്യ ആൾക്കൂട്ടങ്ങൾ പലയിടത്തുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‌ശനി, ഞായർ ദിവസങ്ങളിലെ ലോക്ഡൗൺ പിൻവലിക്കാറായിട്ടില്ല. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിനടുത്ത് നിൽക്കുന്നത് ഈ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ രോഗവ്യാപനം കൂടിയേനെ. അതിനാൽ നിയന്ത്രണങ്ങൾ തുടരുക തന്നെയാണ് കരണീയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് വലിയ പരാതികൾ സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഏതെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കാൻ നടപടിയെടുക്കും. മറ്റ് കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയതിന് ശേഷം തുടർ നടപടിയുണ്ടാകും. കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ട്. സഹകരണം എന്നത് സംസ്ഥാന വിഷയമാണ്. രാജ്യത്താകെയൊരു സഹകരണ വകുപ്പ് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല. ഇതുകൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് മാധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകും. പൊലീസ് മർദ്ദിക്കാൻ പാടില്ലെന്ന പൊതു നയമാണ് സംസ്ഥാനത്തുള്ളത്. പരസ്യമായി ഇത്തരമൊരു മർദ്ദനമുറ സ്വീകരിക്കുമ്പോൾ കടുത്ത ആക്ഷേപം ഉയരുകയും ചെയ്യും. പരാതിക്ക് ഇടയാക്കിയ സംഭവത്തിൽ ആവശ്യമായ പരിശോധനയും അതിന്റെ ഭാഗമായുള്ള നടപടിയും ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment