പെറ്റി സര്‍ക്കാരും ചിലര്‍ക്കു മാത്രം ബാധകമാകുന്ന നിയമവും ; ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ഗോവിന്ദന്‍ മാഷിന് കര്‍ക്കടകകഞ്ഞി കുടിക്കാം, വീണ ജോര്‍ജിന് ചായ കുടിക്കാം..റഹീമിന് വരെ എന്തുമാകാം..കേസില്ല


പി.സജിത്കുമാർ

പെറ്റി സര്‍ക്കാര്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിണറായി സര്‍ക്കാരിനെ നിയമസഭയില്‍ വിശേഷിപ്പിച്ചത്. വെറുതേ പറഞ്ഞതല്ല. ഈ കോവിഡ് കാലത്ത് പെറ്റിക്കേസുകളെടുത്ത് നല്ല വരുമാനമുണ്ടാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും നാലഞ്ചു ദിവസം കൊണ്ടു മാത്രം ഈടാക്കിയ പിഴ 4 കോടിയിലേറെ രൂപയാണ്. ഓരോ ദിവസവും ശരാശരി 15,000-20,000 പേരില്‍ നിന്നാണു മാസ്‌ക് ധരിക്കാത്തതിനു പിഴ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതല്‍ 5 വരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 93,750 പേരില്‍ നിന്ന് പിഴ ഈടാക്കിയെന്നാണ് പൊലീസിന്റെ കണക്ക്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും അകലം പാലിക്കാത്തവരില്‍ നിന്നും 500 രൂപ വീതമാണ് ഈടാക്കുന്നത്. ഇതിനൊപ്പം മറ്റ് കോവിഡ് ലംഘനങ്ങളും. കടയില്‍ നിന്നും മറ്റും പൊലീസ് ഈടാക്കുന്ന പിഴയുമെല്ലാം കൂടുമ്പോള്‍ പെറ്റിപ്പിരിവ് കെങ്കേമം തന്നെ.
ജനുവരി മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ നിന്ന് 35.17 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയെന്നാണ് കണക്ക്.്.
കോവിഡ് കാലത്ത് സാമ്പത്തികമായി നട്ടം തിരിയുന്നവരെയാണ് ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ഇങ്ങനെ പിഴിയുന്നത്. ഇപ്പോള്‍ കടകളൊക്കെ തുറക്കാന്‍ പറഞ്ഞത് വ്യാപാരികളുടെ സങ്കടം കണ്ടോ, നസറുദ്ദീന്റെ നിരാഹാരഭീഷണി കൊണ്ടോ ഒന്നുമല്ല. പെറ്റിക്കേസുകളോടുള്ള പ്രണയം കൊണ്ടു മാത്രം. പെറ്റിയടിക്കാന്‍ പരമാവധി അവസരമൊരുക്കുന്ന തരത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍. കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയും അതല്ലെങ്കില്‍ ഏതാനും ദിവസം മുമ്പെടുത്ത ആര്‍പിടിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയുമൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണെന്ന് മന്ത്രി പറയുന്നു. എന്നാല്‍ ഒരു കാര്യം ചെയ്യണം, വാക്‌സിനു വേണ്ടി ഇവിടെ ജനങ്ങള്‍ നട്ടം തിരിയുന്ന അവസ്ഥ ആദ്യം പരിഹരിക്കുക. എന്നിട്ടു പോരേ വാക്‌സിനെടുക്കാത്തവര്‍ക്കു മേലുള്ള കുതിരകയറ്റം. സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള അമ്പതു ശതമാനത്തിലധികം പേര്‍ക്കും കടയില്‍ പോകണമെങ്കില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ ടി പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. നടക്കുന്ന കാര്യമാണോ ഇത്..?
ഇന്നലെ കണ്ട വാര്‍ത്ത കോഴിക്കോട്ട് ഒരാശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ആള്‍ക്കൂട്ടമുണ്ടായതിന് നടന്‍ മ്മൂട്ടിയും രമേഷ് പിഷാരടിയുമടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തു എന്ന്. ആശുപത്രിക്കാര്‍ പിഴയടച്ച് മമ്മൂട്ടിയേയും പിഷാരടിയേയും കേസില്‍ നിന്ന് ഒഴിവാക്കുമായിരിക്കും. ആള്‍ക്കൂട്ടം കണ്ടാല്‍ കേസെടുക്കണം, നല്ല കാര്യം തന്നെ.
പക്ഷേ ഒരു സംശയം..മന്ത്രിമാര്‍ക്കും ചുറ്റും ആള്‍ക്കൂട്ടമായാല്‍ അവര്‍ക്കെതിരേ കേസെടുക്കുമോ..?ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ഗോവിന്ദന്‍ മാഷിന് കര്‍ക്കടകകഞ്ഞി കുടിക്കാം, വീണ ജോര്‍ജിന് ചായ കുടിക്കാം..കേസില്ല.
മന്ത്രിമാര്‍ പോട്ടെ, നമ്മുടെ ലുട്ടാപ്പി റഹീം ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നോക്കുക. മലപ്പുറത്ത് ഡിവൈഎഫ്‌ഐക്കാരുടെ മോണിംഗ് ഫാം പരിപാടിയാണ്. ആള്‍ക്കൂട്ടവുമുണ്ട്, റഹീമാണെങ്കില്‍ മാസ്‌ക് വെക്കാതെയും നടക്കുന്നു..പെറ്റിക്കേസെടുക്കേണ്ട വകുപ്പില്ലേ പോലീസേ..? അതോ ഭരണക്കാരുടെ കാര്യത്തില്‍ ഇളവുകളുണ്ടോ..?

Related posts

Leave a Comment