കോവിഡ് പ്രതിസന്ധിക്ക് പരിഹാരമില്ല; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി


*കിറ്റ് കൊടുത്തില്ലേയെന്ന് മുഖ്യമന്ത്രി
*കിറ്റുകൊണ്ട് തീരില്ല പ്രശ്നങ്ങളെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡും ലോക്ക് ഡൗണും കാരണം ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. അശാസ്ത്രീയമായ അടച്ചിടല്‍ കാരണം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയതിനും കടബാധ്യത കാരണം ആത്മഹത്യകള്‍ പെരുകുന്നതിനും സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഒട്ടും പ്രയോഗികമല്ലാത്ത നയങ്ങള്‍ നടപ്പിക്കാന്‍ സര്‍ക്കാരിനെ ആരാണ് ഉപദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ നല്‍കിയെന്നും കേരളത്തില്‍ പട്ടിണിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലും പറഞ്ഞു. ആര്‍ക്കും മരുന്ന് കിട്ടാതെ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തിന്റെ വരുമാനം 1.30 ലക്ഷം കോടി വരേണ്ടിടത്ത് 95,000 കോടി മാത്രമാണുള്ളതെന്നു പറഞ്ഞ ധനമന്ത്രി ‘കിറ്റി’നെ കൂട്ടുപിടിച്ചാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കവചം തീര്‍ത്തത്. അടിയന്തരമായി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് പാക്കേജുകള്‍ കോവിഡ് ഉത്തേജക പാക്കേജുകള്‍ ആയിരുന്നില്ലെന്നും കരാറുകാര്‍ക്കുള്ള പണവും പെന്‍ഷനും കൊടുക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ബാധ്യത കൊടുത്തു തീര്‍ക്കല്‍ എങ്ങനെയാണ് ഉത്തേജക പാക്കേജ് ആകുന്നത്. ഇതിനെ കോവിഡ് ഉത്തേജക പാക്കേജ് എന്ന ഓമനപ്പേരിട്ടു വിളിക്കാന്‍ പിണറായി സര്‍ക്കാരിനേ കഴിയൂ. രണ്ടാമത്തെ ഉത്തേജക പാക്കേജ് 20000 കോടി രൂപയുടേതാണ്. എന്നാല്‍ അത് പ്രഖ്യാപനം മാത്രമാണെന്നും ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നുമാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രി പറയുന്നത്. പാവങ്ങളുടെയും നിരാലംബരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാരിന് മനസുണ്ടാകണം. തെരഞ്ഞെടുപ്പ് കഴിയുവോളം നാരായണ, പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടിലാണ് സര്‍ക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലോക്ക്ഡൗണ്‍ കാരണം തുടര്‍ച്ചയായി അടച്ചിട്ടതിലൂടെ വിവിധ മേഖലകളിലുണ്ടായ തകര്‍ച്ചയും ജനങ്ങളുടെ കയ്യില്‍ പണമില്ലാത്ത സാഹചര്യവും വളരെ വിശദമായിത്തന്നെ കുഞ്ഞാലിക്കുട്ടി സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ ധനമന്ത്രിയോ മറുപടി നല്‍കിയില്ല. പകരം കിറ്റ് നല്‍കിയത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്ന് സ്ഥാപിക്കാന്‍ ഇരുവരും 45 മിനുട്ടിലേറെ സമയം വിനിയോഗിച്ചു. ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണം എത്തിക്കുന്ന പദ്ധതി തമിഴ്‌നാട്ടിലും ഝാര്‍ഖണ്ഡിലും ഹരിയാനയിലും നടപ്പിലാക്കിയിട്ടുണ്ടെന്നും അത്തരമൊരു സംവിധാനം കേരളത്തില്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യം നാലു പ്രാവശ്യമാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയോട് ചോദിച്ചത്. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. ലോകത്തെല്ലായിടത്തും കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണം എത്തിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിശദീകരിച്ചു. അപ്പോഴും ‘കിറ്റ്’ ഉയര്‍ത്തിയാണ് ധനമന്ത്രി പ്രതിരോധിച്ചത്.
ലോകം മുഴുവന്‍ രണ്ടാം തരംഗം അവസാനിച്ചിട്ടും കേരളത്തില്‍ ഇപ്പോഴും തുടരുന്നുവെന്ന കാര്യവും പ്രവാസികളില്‍ പകുതിയും മടങ്ങിയെത്തുന്നതും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് പ്രതിപക്ഷം സഭ വിട്ടത്.

Related posts

Leave a Comment