കോവിഡ് ഇരകള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്ഃ വി.ഡി. സതീശന്‍

തിരുവനന്തപുരംഃ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെ ടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരോഗ്യ വകുപ്പ് അധൃകരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമുള്ള കണക്കുകളാണ് തയാറാക്കേണ്ടത്. കോവിഡ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പരിധിയില്‍ നിന്ന് കേരളത്തില്‍ അര്‍ഹതയുള്ള ഒരാളെയും ഒഴിവാക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. കന്‍റോണ്‍മെന്‍റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കണക്കുകളില്‍ ആരോഗ്യമന്ത്രിയുടെ വാദങ്ങള്‍ പിശകാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരമുള്ള കണക്കുകളല്ല മന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല. എന്നാല്‍, കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. കോവിഡ് മരണം നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റി. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. കാസര്‍ഗോഡ് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചാല്‍ അക്കാര്യം ഉറപ്പാക്കുന്നത് തിരുവനന്തപുരത്തെ വിദഗ്ധ സമിതിയാണെന്നായിരുന്നു അവസ്ഥ. പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് ഇതു ജില്ലാ തലത്തിലുള്ള സമിതികള്‍ക്കു കൈമാറി. എന്നാല്‍, മരണമടഞ്ഞ ആളെ ചികിത്സിച്ച ഡോക്റ്റര്‍ക്കല്ലാതെ മറ്റാര്‍ക്കും രോഗകാരണം അറിയാനാവില്ലെന്നു വ്യക്തമാണ്. അതുകണ്ട്, ഡോക്റ്റ‌ര്‍മാരുടെ സാക്ഷിപത്രമല്ലാതെ വേറൊന്നും കോവിഡ് മരണത്തിനു മാനദണ്ഡമാക്കരുതെന്നും സതീശന്‍ പറഞ്ഞു.

രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നതായിരുന്നു ആദ്യം സര്‍ക്കാര്‍ ചെയ്തത്. പിന്നീടത് മരണ സംഖ്യ കുറച്ചു കാണിക്കുന്നതിലേക്കു മാറി. ലോകം മുഴുവന്‍ വ്യാപിച്ച മഹാമാരിയുടെ കാര്യത്തില്‍ ദുരഭിമാനമല്ല, വസ്തുതാപരമായ വിവരങ്ങളാണ്. സംസ്ഥാന‌ത്തിനു കൃത്യമായ ആരോഗ്യ ഡാറ്റ അനിവാര്യമാണെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു ഒളിച്ചുകളിയും അനുവദിക്കില്ല. ശരിയായ ആരോഗ്യ ഡേറ്റ സര്‍ക്കാര്‍ തയാറാക്കുന്നില്ലെങ്കില്‍ യുഡിഎഫ് അക്കാര്യം ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

Leave a Comment