നിയമസഭയിൽ നൂറിലേറേ ജീവനക്കാർക്ക് കോവിഡ്: സഭാ സമിതികൾ മാറ്റിവെക്കണമെന്ന് സംഘടനകൾ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം കഴിഞ്ഞതിന് പിന്നാലെ നിയമസഭാ സെക്രട്ടറിയേറ്റിലെ നൂറിലധികം ജീവനക്കാർ കോവിഡ് ബാധിതർ. ഇവരുടെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും കോവിഡ് പിടിപെട്ടതിനെ തുടർന്ന് ക്വാറന്റൈനിലാണ്. നിയമസഭാ സെക്രട്ടറിയേറ്റിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഇത്രയധികം ജീവനക്കാർക്ക് കോവിഡ് പിടിപെടാൻ സാഹചര്യമൊരുക്കിയതെന്നാണ് ആക്ഷേപം. നിലവിൽ ഏറെ ഭയചികിതരായാണ് ഓരോ ദിവസവും ജീവനക്കാർ ഓഫീസിൽ വന്നു പോകുന്നത്. കഴിഞ്ഞദിവസം ഇവിടെ നടത്തിയ പരിശോധനയിൽ ഒരേദിവസം തന്നെ അമ്പതിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലും രോഗ നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ നിസംഗതയ്ക്കെതിരെ ആശങ്കയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻ നിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേരളാ ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെഎൽഎസ്.എ) നിയമസഭാ സെക്രട്ടറിക്ക് കത്തുനൽകി.
രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സഭാ സമിതി യോഗങ്ങൾ  ഉൾപ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ബി റെജി,  ജനറൽ സെക്രട്ടറി എംഎസ് അൻവർ സുൽത്താൻ എന്നിവർ ആവശ്യപ്പെട്ടു.

Related posts

Leave a Comment