കടകൾ അടച്ചിടില്ല; നിയന്ത്രണം കർശനമാക്കും നാളെ കോവിഡ് അവലോകന യോഗം

തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണവും ടിപിആർ നിരക്കും ക്രമാതീതമായി വർധിച്ച പശ്ചാത്തലത്തിൽ തുടർന്നുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. മൂന്നു ദിവസങ്ങളിലായി ടിപിആർ നിരക്ക് വർധിച്ച സാഹചര്യം ആരോഗ്യ വകുപ്പ് ആശങ്കയോടെയാണ് കാണുന്നത്. അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നത് പ്രായോഗികമാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് വർധിച്ചു. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
അതേസമയം, മൂന്നാം തരംഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓണം ഉൾപ്പെടെ ആഘോഷങ്ങൾ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനിൽക്കുന്നതിനാൽ പ്രതിദിന രോഗികളുടെ എണ്ണം നിലവിലെ പ്രതിദിന വർധനയുടെ മൂന്നുമുതൽ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ് . അങ്ങനെ വന്നാൽ 40000 മുതൽ 60000 ന് മുകളിൽ വരെ പ്രതിദിന രോഗികളുണ്ടാകും. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആശുപത്രി സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്ന തരത്തിലേ ഗുരുതര രോഗികൾ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഐസിയു വെന്റിലേറ്റർ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാൾ ഓക്സിജൻ നൽകിയുള്ള ചികിൽസയാകും കൂടുതൽ വേണ്ടി വരിക. അതിനാൽ തന്നെ ഓക്സിജൻ കിടക്കകളുടെ എണ്ണം പരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. സംസ്ഥാനത്ത് ഇപ്പോൾ 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ രോഗ ബാധിതർ ഉള്ളത്. ഈ ജില്ലകളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഇവിടങ്ങളിൽ വാസ്കിൻ പരമാവധി പേരിൽ എത്തുന്നുണ്ടെന്ന് ആരോഗ്യ, തദ്ദേശ വകുപ്പുകൾ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു. സമ്പർക്ക വ്യാപനം ഒഴിവാക്കാൻ സമ്പർക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്യണം. ഇതിന് ആരോഗ്യവകുപ്പ് തന്നെ മേൽനോട്ടം വഹിക്കണമെന്ന നിർദേശവും ഉണ്ട്.
വാക്സിനേഷന് പരമാവധി വേഗം കൂട്ടണം. പ്രായാധിക്യമുളളവരിൽ രണ്ടാം ഡോസ് അതിവേഗം എത്തിക്കാനുളള നടപടി ഉണ്ടാകണം. വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്സിനേഷനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദേശവും ഉണ്ട്. കുട്ടികളിലെ വാക്സിനേഷൻ തുടങ്ങാനായാൽ അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കാനാകുമെന്നാണ് വിദഗ്ധ അഭിപ്രായം. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി തുറസായ സ്ഥലങ്ങൾ പരമവധി പ്രയോജനപ്പെടുത്തിയും അധ്യയനം നടത്താമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൂന്നാം തരംഗം കുട്ടികളിൽ വലിയ തോതിൽ മരണ നിരക്ക് ഉണ്ടാക്കില്ലെന്നാണ് പഠനങ്ങളെല്ലാമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. സുൽഫി നൂഹു പറഞ്ഞു. കൊച്ചുകുട്ടികളിൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിയുമ്പോൾ തന്നെ റിസപ്റ്ററുകളുടെ വ്യത്യസ്ത ഘടന‌മൂലം വൈറസ് തുടക്കത്തിൽ തന്നെ നിർവീര്യമാക്കപ്പെടാനുള്ള സാധ്യത ഉള്ളതിനാലാണിത്. അതുകൊണ്ടുതന്നെ ശ്വസകോശത്തെ ബാധിക്കുന്ന തരത്തിലേക്ക് കോവിഡ് ഗുരുതരമാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment