അതിവ്യാപനംഃ കേരളത്തിലേക്കു കേന്ദ്രസംഘം

ന്യൂഡല്‍ഹിഃ കോവിഡ് അതിവ്യാപനം രൂക്ഷമായ ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡിശ, ഛത്തിസ്ഗഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചത്. രാജ്യത്ത് ഏറ്റവും രൂക്ഷമായ കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെന്ന നിലയിലാണ് നടപടി.

ദേശീയ തലത്തില്‍ കോവിഡ് വളരെ വേഗത്തില്‍ കുറയുമ്പോഴും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇന്നു പുലര്‍ച്ചെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 46,617 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 58,384 പേര്‍ രോഗമുക്തി നേടി. 853 പേരാണ് ഈ സമയപരിധിയില്‍ മരിച്ചത്. അതേ സമയം, കേരളത്തില്‍ 11,564 പേര്‍ക്കു പുതുതായി രോഗം ബാധിച്ചു. 124 പേര്‍ മരിച്ചെന്നാണ് കണക്ക്. ദേശീയ പ്രതിദിന ടിപിആര്‍ 1.67 ശതമാനമായി കുറഞ്ഞു. പ്രതിവാര ശരാശരി 2.57% . എന്നാല്‌‍ കേരളത്തിലിത് 10.3% ആണ്.

Related posts

Leave a Comment