കോവിഡ് സഹായം പോര; സർക്കാരിനെതിരെ കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലകൾക്കും പരമ്പരാഗത തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവർക്കും നൽകുന്ന കോവിഡ് ധനസഹായം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം സർക്കാരിന് തിരിച്ചടിയായി. തുടക്കം മുതൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കെ.കെ ശൈലജ പ്രമേയം അവതരിപ്പിച്ചത്. കോവിഡ് കാരണം സംസ്ഥാനത്തെ ജനവിഭാഗങ്ങൾ പ്രതിസന്ധിയിലാണെന്ന് ശൈലജ തുറന്നടിച്ചു. ലൈറ്റ് ആന്റ് സൗണ്ട്  മേഖലയിലെ തൊഴിലാളികൾ, വാദ്യമേളം, തെയ്യം കലാകാരൻമാർ തുടങ്ങിയവർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണെന്നും അടിയന്തരമായി സർക്കാർ ഇടപെടണമെന്നും പ്രമേയത്തിൽ ഉന്നയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണം. ഓണം റിബേറ്റ് 10 ശതമാനം കൂട്ടണം. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങി പ്രതിപക്ഷം ഉയർത്തിയ വാദങ്ങൾ പ്രമേയത്തിലൂടെ ശൈലജ സഭയിൽ അവതരിപ്പിച്ചു.
ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയിട്ടുണ്ടെന്നായിരുന്നു വ്യവസായ മന്ത്രി പി. രാജീവ് ഇതിന് മറുപടി നൽകിയത്. ശൈലജയുടെ പ്രമേയത്തിലൂടെ വെട്ടിലായ മന്ത്രി, വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ടെന്നും ശൈലജയുടെ നിർദ്ദേശങ്ങൾ പരിശോധിക്കാമെന്നും പറഞ്ഞ് തലയൂരി.

Related posts

Leave a Comment