രോഗി മരിച്ചെന്നു ആശുപത്രി, ബന്ധുക്കള്‍ ചരമ പോസ്റ്ററൊട്ടിച്ചു, ആംബുലന്‍സ് എത്തിയപ്പോള്‍ രോഗിക്കു ജീവന്‍!

ആലപ്പുഴ: ചികിത്സയില്‍ കഴിയുന്ന രോഗി മരിച്ചെന്ന് ആശുപത്രി അധികൃതര്‍. മരണ വാര്‍ത്ത ആശുപത്രിയിലെത്തി സ്ഥിരീകരിക്കുന്നതിനു മുന്‍പേ നാട്ടില്‍ ചരമവാര്‍ത്ത അറിയിക്കുന്ന പോസ്റ്റര്‍. മൃതദേഹം കൊണ്ടുവരാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍, ഇതൊന്നുമറിയാതെ രോഗി ആശുപത്രി കിടക്കയില്‍.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദ്ദേശാനുസരണം ബന്ധുക്കൾ ആംബുലൻസുമായി ആശുപതിയിലെത്തി.

മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണൻ ജീവിച്ചിരിപ്പുണ്ട് മനസ്സിലായത്. മരണ വിവരം ആശുപത്രിയിൽ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റട അടക്കം അടിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ രംഗത്തെത്തി.

Related posts

Leave a Comment