സാമ്പത്തിക പാക്കേജിനു മൂലധനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം

കൊച്ചിഃ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ച 5,600 കോടി രൂപയുടെ ഉത്തേജക പാക്കേജിന് ആവശ്യമായ പണം കണ്ടെത്തിയത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിലും പെന്‍ഷനില്‍ നിന്നും. ഓണം പ്രമാണച്ചുള്ള സാമ്പത്തിക ബാധ്യതകളുടെ കണക്കില്‍ നിന്ന് സംസ്ഥാന ധനകാര്യ വരകുപ്പ് തന്മാസ ശമ്പളവും അടുത്ത മാസത്തെ പെന്‍ഷനും ഒഴിവാക്കുന്നു എന്നാണു പുതിയ വിവരം. ര​ണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകളടക്കം മൊത്തെ 5,600 കോടിയുടെ സാമ്പത്തിക പാക്കേജ് ആണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടി നല്‍കാതെ, അതേ വിഷയങ്ങള്‍ മുന്‍മന്ത്രി കെ.കെ. ശൈലജയെക്കൊണ്ട് നിയമസഭയില്‍ അവതരിപ്പിച്ച ശേഷമാണ് മന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. സാമൂഹ്യ പെന്‍ഷന്‍ ഒരു മാസം കുടിശിക വരുത്തിയ ശേഷം. അടുത്ത മാസത്തേതു കൂടി ഒരുമിച്ചാക്കിയാണ് ഇന്നു മുതല്‍ 3,200 രൂപ വിതരണം ചെയ്യുന്നത്ഇക്കാര്യം സിപിഎമ്മിന്‍റെ സൈബര്‍ പോരാളികള്‍ വിളംബരം ചെയ്യുന്നതാവട്ടെ, ക്ഷേമപെന്‍ഷനുകള്‍ 3,200 രൂപയാക്കിയെന്ന തരത്തിലും. ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍വീസ് സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും അനുകൂലമായിരുന്നില്ല അവരുടെ മറുപടി. എങ്കിലും സാലറിചലഞ്ചിന്‍റെ മാതൃകയില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആലോചന. മുഖ്യമന്ത്രി തിങ്കളാഴ്ച ധനകാര്യ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സാധാരണ നിലയ്ക്ക് ഓണം മാസങ്ങളില്‍ ഒരു മാസത്തെ ശമ്പളം നേരത്തേ കൊടുക്കാറുണ്ട്. കൂടാതെ, തവണകളായി തിരിച്ചു പിടിക്കുന്ന ഓണം ആഡ്വാന്‍സ്, ബോണസ് തുടങ്ങിയ ഇനങ്ങളിലും വലിയ തുക കണ്ടെത്തണം. ഒരു മാസത്തെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ഏകദേശം ഏഴായിരം കോടി രൂപ വേണ്ടി വരും. ഓണം പ്രമാണിച്ച് ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ കൊടുക്കുന്ന കാര്യത്തില്‍ തീരുമാനിയിട്ടില്ല. ഓണം അഡ്വാന്‍സ്, ബോണസ് എന്നിവയിലും ഇതുവരെ തീരുമാനമായിട്ടില്ല. പണക്കമ്മിയുള്ളതിനാല്‍ അഡ്വാന്‍സും ബോണസും മാത്രമായി ചുരുക്കാനാണു സാധ്യതയെന്ന് സര്‍ക്കാര്‍ ജിവനക്കാര്‍ തന്നെ പറയുന്നു. അതിനു പോലും അയ്യായിരം കോടിയോളം രൂപ വേണം.

എല്ലാവരും സാഹചര്യങ്ങള്‍ മനസിലാക്കണമെന്നാണ് ധനമന്ത്രി ഇന്നലെ കൊല്ലത്തു പറഞ്ഞത്. എന്നുവച്ചാല്‍ ഒരു മാസത്തെമുന്‍കൂര്‍ ശമ്പളം കിട്ടിയില്ലെങ്കിലും പ്രശ്നങ്ങളുണ്ടാക്കരുതെന്നു സാരം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം തങ്ങളുടെ തീരുമാനം അറയിക്കാമെന്ന് കേരള എന്‍ജിഓ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related posts

Leave a Comment