കോവിഡ് മരണക്കണക്ക് പൂഴ്ത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം : ബെന്നി ബഹനാൻ എംപി


തിരുവനന്തപുരം : യഥാർത്ഥ കോവിഡ് മരണക്കണക്കുകൾ മറച്ചുവെച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കണക്കുകൾ അവതരിപ്പിക്കുന്നതെന്ന് ബെന്നി ബഹനാൻ എം.പി. കോവിഡ് മരണങ്ങൾ വലിയ തോതിൽ സർക്കാർ മറച്ചുവെയ്ക്കുകയാണ്. ആശുപത്രികളിൽ നിന്നും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന കണക്കുകൾ വെട്ടിത്തിരുത്തി സർക്കാരിന്റെ പ്രതിച്ഛായാ നേട്ടത്തിന് വേണ്ടി മരണം കുറച്ചുവെയ്ക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തിയ ബെന്നി ബഹനാൻ, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡെയ്ലി സെൻസസ് രേഖകളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക കോവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ‘കേരളാ ഡാഷ് ബോര്‍ഡിൽ’ 2021 സെപ്റ്റംബർ 13   വരെ കേരളത്തില്‍ ആകെയുണ്ടായ 43,90,489 കോവിഡ് ബാധിതരിൽ 22,650 പേരുടെ മരണമാണ് കോവിഡ് മരണമായി നൽകിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇന്നേവരെയുള്ള  മൂന്ന് കോടി മുപ്പത്തിയൊന്നു ലക്ഷം കോവിഡ് ബാധിതരിൽ ഔദ്യോഗിക കോവിഡ് മരണ സംഖ്യ നാലു ലക്ഷത്തി നാല്പത്തോരായിരമാണ്. ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കോവിഡ് മരണങ്ങള്‍ താരതമ്യേന കുറവാണെന്ന് വരുത്തിത്തീർക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മരണ കണക്കിൽ തട്ടിപ്പ് നടത്തിയത്.
കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്  ആശുപത്രിയിലെ  ഔദ്യോഗിക രേഖകൾ പ്രകാരം 2021 മാര്‍ച്ച് 21 മുതല്‍ 31 വരെ 11 ദിവസത്തെ  ആകെ മരണം 141ഉം, കോവിഡ് മരണം 21ഉം ആണ്. 2021 ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ യഥാക്രമം 480, 658, 528, 526, 590 ആകെ മരണങ്ങളും 149, 420, 229,170, 207 കോവിഡ് മരണങ്ങളും നടന്നതായി ആശുപത്രി രേഖകളിലുണ്ട്.  അതായത്, 2021 മാര്‍ച്ച് 21 മുതൽ സെപ്റ്റംബർ 13 വരെയുള്ള 177 ദിവസങ്ങളില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ആകെ മരണങ്ങള്‍ 3218 ഉം അതിലെ കോവിഡ് മരണങ്ങള്‍ 1326 ഉം ആണെന്ന് ആശുപത്രിയിലെ രേഖകളില്‍ നിന്നും വ്യക്തമാണ്. എന്നാൽ കേരളാ സര്‍ക്കാരിന്റെ  ഡാഷ് ബോര്‍ഡ് പ്രകാരം 2021 സെപ്റ്റംബർ 13  വരെ കോട്ടയം ജില്ലയില്‍ ഉണ്ടായിട്ടുള്ള ആകെ കോവിഡ് മരണം 957 മാത്രമാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം ഇതുവരെ നാലായിരത്തിലധികം  കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. ഇതിനോടൊപ്പം കോട്ടയം ജില്ലയിലെ  5 താലൂക്കുകളിലേയും ജനറൽ, ജില്ലാ, താലൂക്ക്, ഫാമിലി, കമ്മ്യൂണിറ്റി ആശുപത്രികൾ അടക്കമുള്ള എല്ലാ  സർക്കാർ ആശുപത്രികളിലും നൂറുകണക്കിന് ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും വീടുകളിലുമടക്കം ഇക്കാലമത്രയും ഉണ്ടായിട്ടുള്ള കോവിഡ് മരണങ്ങൾ ആകെ കണക്കാക്കുമ്പോൾ ഈ ജില്ലയിൽ മാത്രം മരണം പതിനായിരത്തിലധികമാകും. കേരളത്തിലെ മറ്റ് 13 ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കണ്ടതും  കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേതിന് സമാനമായ കോവിഡ് മരണക്കണക്കുകൾ തന്നെയാണ്. കേരളാ ഡാഷ് ബോര്‍ഡ് പ്രകാരം 2021 സെപ്റ്റംബർ 13  വരെ  കേരളത്തില്‍ 22650 കോവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളാ ഡാഷ്ബോർഡ് പ്രകാരം 2021 സെപ്റ്റംബർ 13  വരെ കേരളത്തിലെ ജില്ലകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ തിരുവനന്തപുരത്ത് 3713, കൊല്ലത്ത് 1777, ആലപ്പുഴയിൽ1309 , പത്തനംതിട്ടയിൽ 711,കോട്ടയത്ത് 957, ഇടുക്കിയിൽ 322 , എറണാകുളത്ത് 2234, തൃശ്ശൂരിൽ 2575, പാലക്കാട് 2197 , മലപ്പുറത്ത് 2036, കോഴിക്കോട് 2437, വയനാട് 388, കണ്ണൂരിൽ1504, കാസർകോട് 490 ഉം കോവിഡ് മരണങ്ങൾ മാത്രമാണുള്ളത്. എന്നാൽ യഥാർഥ കണക്ക് ഇതിന്റെ പതിന്മടങ്ങാണെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൂന്നു ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ കേരളത്തിൽ നടന്നതായാണ് അന്വേഷണത്തിൽ മനസിലാകുന്നതെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.
കോവിഡ്  രോഗികളുടെയും  മരണങ്ങളുടെയും കണക്കുകൾ കേരളത്തിലെ  എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ദിവസേന കൃത്യമായി ജില്ലാ, സംസ്ഥാന ഭരണ കേന്ദ്രങ്ങളിലേക്ക് അയക്കുന്നുണ്ടെങ്കിലും കോവിഡ് മരണക്കണക്കിലെ പൂഴ്ത്തിവെയ്പ്പുകളും തട്ടിപ്പുകളും നടത്തുന്നത് സംസ്ഥാന തലത്തിലാണെന്ന് വ്യക്തമാണ്. കോവിഡ് മരണക്കണക്കുകൾ    പൂഴ്ത്തിവെക്കുന്നതടക്കമുള്ള  കള്ളക്കളികള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ ഇവരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കേരളാ ഡാഷ് ബോർഡിലോ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന  മറ്റൊരിടത്തുമോ കഴിഞ്ഞ ഒന്നര വർഷത്തെ സംസ്ഥാന,ജില്ലാ, താലൂക്ക്, ആശുപത്രി തലങ്ങളിലെ പ്രതിദിന കോവിഡ് മരണക്കണക്കുകൾ ലഭ്യമല്ല എന്നത് കോവിഡ് മരണക്കണക്കുകളുടെ പൂഴ്ത്തിവെപ്പിന്റെയും തട്ടിപ്പിന്റെയും വ്യക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
തുഗ്ലക് പരിഷ്കാരം നടത്തി  കേരളത്തെ ലോകത്തിന്റെ കോവിഡ് തലസ്ഥാനമാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരെ മനപൂർവമുള്ള നരഹത്യയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment