കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ചിതാഭസ്മം കൊണ്ട് പാര്‍ക്ക് നിര്‍മിക്കും

ഭോപ്പാൽ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച്‌ മരിച്ചവരുടെ സ്മരണയ്ക്കായി പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി ഭോപ്പാലിലെ ശ്മശാനം. ഭോപ്പാലിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് ഭദ്ഭാദ വിശ്രം ഘട്ട്. ഇവിടെ സംസ്ക്കരിച്ച കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച്‌ പാർക്ക് നിർമ്മിക്കാനാണ് അധികൃതരുടെ തീരുമാനം.

നൂറുകണക്കിന് ആളുകളുടെ ചിതാഭസ്മമാണ് വിശ്രം ഘട്ടിൽ ശേഖരിക്കാതെ കിടക്കുന്നത്കോവിഡ് മൂലം ഭോപ്പാലിലെ വിവിധ ആശുപത്രികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ ചികിത്സയ്ക്കായി എത്തി. ഈ സമയത്ത് കോവിഡ് ബാധിച്ച്‌ ധാരാളം രോഗികൾ മരിച്ചിരുന്നു. നിരവധി ആളുകളെ വിശ്രം ഘട്ടിൽ സംസ്ക്കരിക്കുകയും ചെയ്തു. എന്നാൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കുടുംബാംഗങ്ങൾക്ക് ചിതാഭസ്മം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഫലമായി വലിയ അളവിൽ ചാരം ശ്മശാനത്തിൽ അവശേഷിപ്പുണ്ട്. ‘മാർച്ച്‌ മുതൽ ജൂൺ വരെ കോവിഡ് ബാധിച്ച്‌ ധാരാളം ആളുകൾ മരിച്ചു, അവരുടെ സംസ്ക്കാരം ഇവിടെയാണ് നടത്തിയത്. എന്നാൽ അന്ത്യക‍ർമ്മങ്ങൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ചെറിയ അളവിൽ മാത്രമാണ് ചിതാഭസ്മം ശേഖരിക്കുന്നത്. അവശേഷിക്കുന്ന ചാരം ശ്മശാനത്തിൽ തന്നെയാണുള്ളത്’ ഭദ്ഭാദ വിശ്രം ഘട്ട് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി മംതേഷ് ശർമ്മ പറയുന്നു,
21 ഓളം ട്രക്ക് ലോഡ് ചാരം വിശ്രം ഘട്ടിലുണ്ടെന്നും ശർമ്മ കൂട്ടിച്ചേ‍ർത്തു. പരിസ്ഥിതി പ്രശ്നങ്ങൾ നിലനിൽക്കെ അവ നദികളിൽ ഒഴുക്കുന്നത് ഉചിതമല്ല. അതുകൊണ്ട് തന്നെ ചിതാഭസ്മം വളമായി ഉപയോഗിച്ചു കൊണ്ട് മരിച്ചവരുടെ സ്മരണയ്ക്കായി ഒരു പാർക്ക് നിർമ്മിക്കാനാണ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഏകദേശം 12,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഈ പാർക്ക് നിർമ്മിക്കുക. പാർക്കിൽ 3500-4000 ചെടികൾ നടുകയാണ് ലക്ഷ്യം. ചെടികൾ വേഗത്തിൽ വളരുന്നതിന് ചാരം, ചാണകം, മരം പൊടി എന്നിവ മണ്ണിൽ കല‍ർത്തുന്നത് നല്ലതാണെന്ന് സമിതിയുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നു. ജപ്പാനിലെ മിയാവാക്കി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ഈ പാർക്ക് വികസിപ്പിക്കുന്നത്. പാർക്കിൽ നടുന്ന തൈകൾ സമിതി പരിപാലിക്കും.

Related posts

Leave a Comment