കോവിഡ് മരണങ്ങൾ പോലും മറച്ചുവെച്ചു; എന്നിട്ടും കേന്ദ്രം അഭിനന്ദിച്ചെന്ന് പിആർ വർക്ക്


*90 ലക്ഷം ഡോസ് വാക്സിൻ വേണമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തിലും ടിപിആർ നിരക്ക് വർധനവിലും രാജ്യത്ത് മുന്നിൽ നിൽക്കുമ്പോഴും കേരളം നമ്പർ വൺ എന്ന ക്രെഡിറ്റ് തട്ടാൻ ആരോഗ്യവകുപ്പ് പിആർ വർക്ക് ശക്തമാക്കുന്നു. കോവിഡ് മരണക്കണക്കുകൾ പോലും മറച്ചുവെച്ചതിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുന്നതിനിടെയാണ്, കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് പിആർ പ്രചരണം നടത്തുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേ കേന്ദ്ര മൾട്ടി ഡിസിപ്ലിനറി ടീം വല്ലാതെ അഭിനന്ദിച്ചുവെന്നാണ് പ്രചരണം. എന്നാൽ, കേന്ദ്ര സംഘത്തിലുണ്ടായിരുന്ന റിജിയണല്‍ ഡയറക്ടര്‍ ഓഫീസര്‍ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. റുചി ജെയിന്‍, ജിപ്മര്‍ പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സക വിനോദ് കുമാര്‍ എന്നിവർ ഇതേക്കുറിച്ച് മാധ്യമങ്ങളോട് യാതൊന്നും പ്രതികരിച്ചില്ല.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീല്‍ഡ് തലത്തില്‍ നിന്നും നേരിട്ട് കിട്ടിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ടി.പി.ആര്‍. സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്. രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്‌സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തിയെന്നും പത്രക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ത്ഥിച്ചെന്നും പത്രക്കുറിപ്പിലുണ്ട്. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment