കോവിഡ് മരണ ധനസഹായം ; പൊളിച്ചെഴുത്തിനൊരുങ്ങി കേരളം

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രിംകോടതി നിർദേശം നടപ്പാവുന്നതോടെ മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം വൻ പൊളിച്ചെഴുത്ത് നടത്തേണ്ടിവരും . ഇക്കാര്യത്തിൽ കേന്ദ്ര മാർഗ്ഗനിർദേശത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാനം. നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാൽ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധികളും തീരുമാനം നടപ്പാക്കുമ്പോൾ ഉയർന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീർണമാണ്.

വലിയ വിമർശനങ്ങൾക്കൊടുവിലാണ് കൊവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയിൽ നിന്ന് ജില്ലാതലത്തിലേക്ക് മാറ്റിയത്. നിലവിൽ ജില്ലാ തല കമ്മിറ്റിയാണ് കൊവിഡ് മരണം തീരുമാനിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടർ തന്നെ മരണകാരണം നിർണയിച്ച് രേഖ നൽകണമെന്നാണ് ഒരു വിഭാഗം വിദഗ്ധർ ആവശ്യപ്പെടുന്നത്. മരണസർട്ടിഫിക്കറ്റിൽ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമർശനവുമുയർന്നിരുന്നു. നിലവിൽ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന പേരിൽ സർക്കാരിനെതിരെ വിമർശനമുണ്ട്. ഇതിനിടയിലാണ് കൊവിഡ് അനുബന്ധ മരണം പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന നിർദേശം ഉയർന്നത്. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ കേരളം മരണം റിപ്പോർട്ട് ചെയ്യുന്നതിലെ രീതി പൊളിച്ചെഴുതേണ്ടതായി വരും.നഷ്ടപരിഹാരം നൽകുന്ന ഘട്ടമെത്തിയാൽ ഇത് തർക്കങ്ങൾക്കിടയായേക്കും. നിയമക്കുരുക്കുകൾക്കും സാധ്യതയേറെയാണ്. നിർണായക രേഖയായതിനാൽ കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുന്നത് തുടരാനാവില്ല. പുതിയ സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്ര മാർഗനിർദേശം വന്നശേഷം ആലോചന തുടങ്ങും. കൊവിഡ് അനുബന്ധ മരണം പോലും കോവിഡ് മരണമായി രേഖപ്പെടുത്താനുള്ള സുപ്രീംകോടതി നിർദേശം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ട്.

Related posts

Leave a Comment