എല്ലാ ദിവസവും കടകള്‍ തുറക്കണം, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം: നി‍ര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗണ്‍ അടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ നാളെ സ‍ര്‍ക്കാര്‍ മാറ്റം വരുത്താനിരിക്കെ നി‍ര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളഘടകം രം​ഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളില്‍ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ നല്‍കിയ ശേഷം വേണം അധ്യയനം ആരംഭിക്കാന്‍. 18 വയസിന് താഴെ പ്രായമുള്ളവ‍ര്‍ക്കും വാക്സീന്‍ നല്‍കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

കേരളത്തിലെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി വിപുലമായ സീറോ സര്‍വേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് സിറോ സ‍ര്‍വ്വേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കണമെന്നും ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു. വാക്സിന്‍ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സീന്‍ വിതരണം പലയിടത്തും സംഘ‍ര്‍ഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സീന്‍ കൊടുക്കന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ ആരോപിക്കുന്നു. ചെറുകിട ആശുപത്രികള്‍ക്ക് അടക്കം വാക്സീന്‍ വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ഐഎംഎ പറഞ്ഞു.

Related posts

Leave a Comment