കോവിഡിൽ ഒറ്റപ്പെട്ടു കേരളം ; സർക്കാർ വരുത്തിവെച്ച വിനാശം

സ്വന്തം ലേഖകൻ

രണ്ടാം പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിലെറിയിട്ട് മാസങ്ങൾ പിന്നിടുന്നു. സംസ്ഥാനം കോവിഡിന്റെ രൂക്ഷമായ ദുരിതക്കയത്തിലൂടെ കടന്നു പോകുമ്പോൾ ക്ഷേമ പദ്ധതികളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും പെരുപ്പിച്ചുകാട്ടിയും രാഷ്ട്രീയമായി ഉപയോഗിച്ചുമാണ് രണ്ടാം പിണറായി സർക്കാർ അധികാരം നിലനിർത്തിയത് തന്നെ. ജനം വലിയ രീതിയിൽ കോവിഡിന്റെ സാഹചര്യത്തിൽ ഭീതിയിൽ കഴിയുമ്പോൾ അതിന്റെ മറവിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തി അതിൽ നിന്നും ലഭിച്ച സാമ്പത്തികം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വ്യാപകമായി ചെലവാക്കി സർക്കാരിന് അനുകൂലമായ തരംഗം കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു. രണ്ടാമതും കേരളത്തിൽ  തുടർച്ചയായി സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിലേറിയത് പിണറായി വിജയൻ എന്ന വ്യക്തിയുടെ വിജയമായി അവതരിപ്പിയ്ക്കുന്നതിൽ പി ആർ ഏജൻസികളുടെ കൂട്ടുപിടിച്ച്  നീക്കങ്ങൾ ഉണ്ടാവുകയും അത് വിജയം കാണുകയും ചെയ്തു. രണ്ടാം ഇടതു സർക്കാരിന്റെ  അവസാനവാക്കായി പിണറായി വിജയൻ അവരോധിക്കപ്പെടുകയും അദ്ദേഹത്തിന്റെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തിയുള്ള മന്ത്രിസഭയും നിലവിൽ വരികയും ചെയ്തു. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പിണറായി വിജയന്റെ സമീപനങ്ങളോട് എതിർപ്പുണ്ടെങ്കിലും പ്രകടിപ്പിക്കുന്നത് ദോഷമാകും എന്നത് കാരണം ആരും പുറത്തു പറയുന്നില്ലെന്ന് മാത്രം.
 ഒന്നാം പിണറായി സർക്കാരിനെക്കാൾ ജനങ്ങളോടും പ്രതിപക്ഷത്തോടും അഹങ്കാരവും ധാർഷ്ട്യവും വച്ചുപുലർത്തുന്ന ഒരുതരം സമീപനമാണ് ഈ സർക്കാരിന്റെത്. രാജ്യത്ത് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോലും കോവിഡ് നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമായി തന്നെ മുന്നോട്ടു പോവുകയാണ്. സംസ്ഥാനത്ത് ഈ അവസ്ഥയ്ക്ക് കാരണം സർക്കാരിന്റെ തെറ്റായ കോവിഡ് മാനേജ്മെന്റ് രീതികൾ  തന്നെയാണ്. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി കോവിഡ് കണക്കുകൾ മറച്ചു വെച്ചതും ടെസ്റ്റുകളുടെ എണ്ണം കുറച്ചതും രോഗികളുടെ എണ്ണം വർധിക്കുവാനും സ്ഥിതി ഗുരുതരമാകുവാനും കാരണമായി.രാജ്യത്താകെ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലേക്ക് കോവിഡ് കേസുകൾ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്.
മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തിൽ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയർന്നിരുന്നു. രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോൾ 10 നടുത്ത് ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നിൽകുന്നു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും താഴാതെ ടി പി ആർ സ്ഥിരതയോടെ നിലനിൽക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിനനുപാതമായി പ്രതീക്ഷിക്കാവുന്നത് പോലെ മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. രണ്ടാം തരംഗത്തിന് മുൻപ് ദിനം പ്രതി നൂറിനു താഴെയാളുകൾ രണമടഞ്ഞ സ്ഥാനത്ത് ഇപ്പോൾ നൂറിനും ഇരുന്നൂറിനുമിടക്കാളുകൾ മരണമടയുന്നുണ്ട്.ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതുപോലെ തന്നെ സംസ്ഥാനത്ത് കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന വലിയൊരു വിഭാഗം വേറെയുമുണ്ട്. വരുമാനമാർഗം നിലച്ചുപോയ ഒട്ടേറെപ്പേർ ഇവിടെയുണ്ട്. ഏറെ മാസങ്ങളായി കച്ചവടസ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും ഒക്കെ അടഞ്ഞു കിടക്കുകയാണ്. നല്ല ശതമാനം ആളുകൾക്കും തൊഴിൽ നഷ്ടപ്പെട്ട സ്ഥിതിയാണ്. സാമ്പത്തികപ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്. കോവിഡിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുന്നതിലും സംസ്ഥാന സർക്കാർ പരാജയം തന്നെയാണ്. ഇത്ര ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങളെ പിഴിഞ്ഞു പിഴ ഈടാക്കുന്നതിൽ ഗവൺമെന്റിനുള്ള ആവേശത്തിന്റെ നൂറിലൊരംശം പോലും ജനോപകാര പ്രവർത്തനങ്ങളിൽ ശ്രദ്ധ കാണിക്കുന്നതിൽ ഇല്ല. ഇതര സംസ്ഥാനങ്ങൾ ഒക്കെ തന്നെയും കേരളത്തെ ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. കർണാടകയും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗതാഗത നിയന്ത്രണങ്ങൾ പോലും ഏർപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് കിറ്റ് നൽകുകയെന്നതുകൊണ്ട് എല്ലാം തികഞ്ഞെന്നു കരുതുന്ന സർക്കാർ ഒരു കൈയോടെ കിറ്റ് കൊടുക്കുകയും മറു കൈ കാട്ടി അവരെ പിഴിയുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കോവിഡ് കുറയ്ക്കാൻ സർക്കാർ സ്ഥിതിഗതികൾ കൂടുതൽ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ സംസ്ഥാനം വലിയ വിനാശത്തിലേക്ക് പോകുമെന്നതിൽ സംശയം വേണ്ട.

Related posts

Leave a Comment