19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി ഉത്തരവ്

തിരുവനന്തപുരം: തലസ്ഥാനത്തെ എംഎൽഎ ഹോസ്റ്റലിൽ വച്ച്‌ ഡിവൈഎഫ്‌ഐ ഭാരവാഹിയായ 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ മുൻ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയെ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന ആർ.എൽ. ജീവൻലാൽ ആണ് മാനഭംഗ കേസിലെ പ്രതി. പ്രതി 2022 ഫെബ്രുവരി മൂന്നിന് ഹാജരാകാനാണ് മജിസ്‌ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടത്.

2018 ജൂലൈ 11ന് ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരുണന്റെ മുറിയിൽ വച്ചാണ് സംഭവം. തലസ്ഥാനത്തെ എൻജിനീയറിങ് കോച്ചിങ് ക്ലാസ് പ്രവേശന ശുപാർശയ്ക്ക് വേണ്ടിയാണ് തൃശ്ശൂരിൽ നിന്ന് ജീവൻ ലാലിനൊപ്പം പെൺകുട്ടി ജൂലൈ ഒമ്പതിന് വൈകിട്ടോടെ എംഎൽഎ ഹോസ്റ്റലിൽ എത്തിയത്. സീറ്റ് റെഡിയായി 11ന് മടങ്ങാൻ ഒരുങ്ങവെ ജീവൻലാൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നൽകി.

എംഎൽഎ ഹോസ്റ്റൽ രജിസ്റ്റർ, ജീവനക്കാരുടെ മൊഴി എന്നിവ എംഎൽഎ ഹോസ്റ്റലിൽ യുവതിയും ജീവൻലാലും താമസിച്ചതായി സാധൂകരിക്കുന്നു. ജീവൻലാലിനെതിരെ പോലീസ് കേസെടുത്ത വിവരം മാധ്യമവാർത്തയായതോടെ പ്രതിക്കെതിരെ ഇരിങ്ങാലക്കുടയിലെ പാർട്ടി പ്രവർത്തകരായ രണ്ടു പെൺകുട്ടികൾ കൂടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംഭവങ്ങൾ വിവാദമായതോടെ നേതൃത്വം ജീവൻലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചു.

Related posts

Leave a Comment