കോഴിക്കോട് കെ എസ് ആര്‍ ടി സി കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി; ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് നിര്‍മാണത്തിലെ അഴിമതിയില്‍ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും.

ആദ്യഘട്ടത്തില്‍ ഒക്‌ടോബർ 16ന് വൈകീട്ട് മൂന്ന് മണിക്ക് ബസ് സ്റ്റാന്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.എം കെ രാഘവന്‍ എം പി ,അഡ്വ ടി സിദ്ദിഖ് എം എല്‍ എ എന്നിവരും പങ്കെടുക്കും.കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അപാകത വന്നതില്‍ നിന്നും ഇടതു സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ല.വി എസ് അച്ചുതാന്ദന്‍ മുഖ്യമന്ത്രിയായ കാലത്താണ് കെട്ടിടസമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എ പ്രദീപ്കുമാര്‍ എം എല്‍ എ സമര്‍പ്പിച്ച ബി ഒ ടി അടിസ്ഥാനത്തിലുള്ള പ്രൊപ്പോസല്‍ പ്രകാരമാണ് തുടര്‍നടപടിയുണ്ടായത്. കെ വി ജെ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2015ലാണ് പണി പൂര്‍ത്തീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്.2016ലാണ് കെട്ടിടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടകരാറിന് കൊടുക്കാന്‍ നടപടികള്‍ ആരംഭിച്ചത്. മാക്ക് എ സ്ഥാപനം 50 കോടി സ്ഥിരനിക്ഷേപവും 50 ലക്ഷം മാസ വാടകയും നിശ്ചയിച്ച് കരാര്‍ ഏറ്റെടുക്കുകയും പിന്നീട് കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ കരാറില്‍ നിന്നും പിന്‍മാറി.

2018 ല്‍ വീണ്ടും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ 17 കോടി ഡെപ്പോസിറ്റും 43 ലക്ഷം മാസ വാടകയും നിശ്ചയിച്ചാണ് അലിഫ് കരാര്‍ ഉറപ്പിച്ചത്. ഈ വ്യവസ്ഥപാലിക്കാത്തതിനാല്‍ 2020ന് കരാര്‍ റദ്ദാക്കി. പിന്നീട് അലിഫ് തന്നെ വീണ്ടും അപേക്ഷ നല്‍കുകയും സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു.2021ല്‍ നിലവിലുള്ള മാര്‍ക്കറ്റ് നിരക്കില്‍ നിന്നും കുറഞ്ഞ നിരക്കിലാണ് അലിഫ് കമ്പിനിക്ക് കെട്ടിടം പാട്ടകരാര്‍ നല്‍കിയത്.സി പി എമ്മിലെ ഉന്നതര്‍ ഇടപെട്ടാണ് ഈ കമ്പനിക്ക് കരാര്‍ നല്‍കിയത്. ഐ ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പാലത്തിന്റെ മാതൃകയിലുള്ള നടപടികള്‍ കെ എസ് ആര്‍ ടി സിയുടെ കാര്യത്തിലും അനിവാര്യമാണെന്ന് പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.പദ്ധതിയുടെ ആര്‍കിടെക് തന്നെ അലിഫ് കമ്പിനി തനിക്ക് കൈകൂലി തരാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ഇത് അന്വേഷണ വിധേയമാക്കണം. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനെ മാറ്റി കെട്ടിടം ഷോപ്പിംഗ് കോംപ്ലക്‌സ് മാത്രമാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ഐ ഐ ടി റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി എം നിയാസും ആവശ്യപ്പെട്ടു

Related posts

Leave a Comment