ഭാര്യയെ കാണാന്‍ ജയില്‍ ചാടി, വല മുറുക്കിയപ്പോള്‍ കീഴടങ്ങി

തിരുവനന്തപുരംഃ രണ്ടാഴ്ച മുന്‍പ് ജെയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. ഭാര്യയെ കാണാനുള്ള കൊതി കൊണ്ടാണു ജയില്‍ ചാടിയതെന്നും കണ്ടു കഴിഞ്ഞു കീഴടങ്ങുകയാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയാണ് ഇന്നുച്ചയോടെ കോടതിയിൽ കീഴടങ്ങിയത്. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാ(48)ണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിർ ഹുസൈൻ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങൽ. സെപ്റ്റംബർ ഏഴിന് രാവിലെയാണ് ഇയാള്‍ ജെയിലില്‍ നിന്നു മുങ്ങിയത്. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിർ ഹുസൈൻ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പോലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണാശലയിൽ പോയ തക്കംനോക്കി ഇയാൾ ജയിൽ ചാടുകയായിരുന്നു.

പൊളിഞ്ഞുകിടന്ന ജയില്‍ ഭിത്തി വഴി ഇടറോഡിലിറങ്ങി, കൈയിൽ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയിൽ തൈക്കാട് ആശുപത്രി ഭാഗത്തേക്കാണ് പോയത്. ഓട്ടോയിൽ കയറിയ ജാഹിർ ഹുസൈനെ ഇവിടെ ഇറക്കിയതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. ഇവിടെനിന്ന് കടന്നിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽഫോൺ വിവരങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

മൂന്നു ടെലിഫോണ്‍ നമ്പരുകളാണ് ഇയാള്‍ ജയിലില്‍ നല്‍കിയിരുന്നത്. മൂന്നും സുഹൃത്തുക്കളുടേതായിരുന്നു. ഇതു കൂടാതെ മറ്റു ചില നമ്പരുകളില്‍ നിന്നും ഇയാള്‍ക്കു ഫോണ്‍ വിളികള്‍ പതിവുണ്ടായിരുന്നു. ഈ നമ്പരുകളും അവയുടെ ലൊക്കേഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൂത്തുക്കുടിയില്‍ എത്തിയതായി വിവരം ലഭിച്ചു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും മുങ്ങി. ഭാര്യയെയും മകനെയും കൂട്ടി അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെ, താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കോടതിയില്‍ കീഴടങ്ങുന്നതെന്ന് ജാഹിര്‍ കോടതിയില്‍ പറഞ്ഞു. പൂജപ്പുര പോലീസ് എത്തി ഇയാളെ ഏറ്റുവാങ്ങി.

Related posts

Leave a Comment