മുട്ടില്‍മരംമുറിക്കേസിലെ കുറ്റാരോപിതന്‍ മന്ത്രിക്കൊപ്പം ഒരേ വേദിയില്‍

കോഴിക്കോട്: വനംമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാന വനമഹോത്സവം പരിപാടിയുടെ വേദിയില്‍ മുട്ടില്‍ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനും. സര്‍ക്കാര്‍ വനം മാഫിയ ബന്ധങ്ങള്‍ ഇപ്പോഴും ശക്തമാണെന്നതിന്‍റെ സൂചനയാണ് കുറ്റാരോപിതനൊപ്പം മന്ത്രി വേദി പങ്കിട്ടതെന്നാണ് ആരോപണം.

മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിക്കാനും മരംമുറി സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനും മുന്നില്‍ നിന്നു എന്ന ആരോപണം നേരിടുന്ന വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനാണ് ഇന്നു രാവിലെ നടന്ന വനമഹോത്സവത്തില്‍ മന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. സാജനെതിരേ വകുപ്പ് തല നടപടി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ സര്‍ക്കാര്‍ ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തത് പലരുടെയും നെറ്റി ചുളിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനു വിവാദ ഉത്തരവ് റദ്ദാക്കപ്പെട്ട ദിവസം തന്നെ അന്നത്തെ വനം മന്ത്രിയടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി മരംമുറി സംഘത്തില്‍പ്പെട്ട ആളുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്നു തന്നെ വയനാട്ടില്‍ നിന്ന് മുറിച്ചിട്ട തടികള്‍, ഒരു തടസവും കൂടാതെ പെരുമ്പാവൂരിലെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഘത്തെ സഹായിച്ചു എന്നാണ് എന്‍.ടി, സാജന്‍റെ പേരിലുള്ള ആരോപണം. ഇദ്ദേഹത്തിനെതിരേ വകുപ്പ്തല നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ മുട്ടില്‍ മരംമുറി കേസില്‍ ഇതുവരെ ഒരുദ്യോഗസ്ഥനെതിരേയും നടപടി സ്വീകരിച്ചിട്ടില്ല.

Related posts

Leave a Comment