വിവാദ കാർഷിക നിയമം റദ്ദാക്കൽ ബിൽ തിങ്കളാഴ്ച പാർലമെന്റിൽ


ന്യൂ ഡൽഹി : രാജ്യത്ത് നടപ്പിലാക്കിയ വിവാദമായ 3 കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന ബിൽ തിങ്കളാഴ്ച ചേരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിന്റെ  ആദ്യദിനം  പാർലമെന്റ് പരിഗണിക്കും. ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ കർഷകദ്രോഹ നിയമങ്ങള്‍ ഇല്ലാതാകും.കാർഷികോൽപ്പന്ന വ്യാപാര–- വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) നിയമം 2020, അവശ്യവസ്‌തു ഭേദഗതി നിയമം 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്‌–- കൃഷി സേവന ധാരണാ നിയമം 2020 എന്നീ നിയമങ്ങളാണ്‌ ഒറ്റ ബില്ലിലൂടെ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്‌.കഴിഞ്ഞ വർഷം നവംബറിൽ പാർലമെന്റ് പാസാക്കിയ 3 ബില്ലുകൾ ഒരുവർഷം നീണ്ട കർഷക സമരത്തെ തുടർന്ന് വേണ്ടെന്നു വയ്ക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു.എന്നാൽ നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ പൂർണമായി റദ്ദാക്കിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന്  കർഷകർ നിലപാടെടുത്തു . അതിന് ആക്കം കൂട്ടുന്നതിന്  വേണ്ടി ഇരുപത്തി ഒമ്പതാം തീയതി പാർലമെന്റ് സമ്മേളനത്തിന്റെ  അന്നുതന്നെ കർഷകരെ അണിനിരത്തി കൊണ്ടുള്ള ട്രാക്ടർ റാലിയും സംയുക്ത കർഷക സമരസമിതി ആഹ്വാനം ചെയ്തിരുന്നു. ഇതു മുന്നിൽ കണ്ട്  തന്നെയാണ് പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച തന്നെ മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബില്ലുകൾ ലോക്സഭാ പരിഹരിക്കാനിരിക്കുന്നത് .പ്രധാനമന്ത്രിയുടെ  കാര്യാലയവുമായി കൂടിയാലോചിച്ച്‌ കൃഷി മന്ത്രാലയമാണ്‌ പിൻവലിക്കൽ ബിൽ തയ്യാറാക്കിയത്‌. സമ്മേളനത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ പിൻവലിക്കല്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ്‌ ഠാക്കൂർ പറഞ്ഞു.

Related posts

Leave a Comment