ചെങ്ങോടുമലയിൽ കുടിവെള്ള ടാങ്ക് നിർമിക്കണം; ഭരണ സമിതിയിൽ യു.ഡി.എഫ് പ്രമേയം

നടുവണ്ണൂർ: കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറി കമ്പനി തകർത്ത കുടിവെള്ള ടാങ്ക് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ് അടിയന്തരപ്രമേയം  അവതരിപ്പിച്ചു. രണ്ടാം വാർഡ് അംഗം ടി. പി. ഉഷ അവതരിപ്പിച്ച പ്രമേയത്തെ 19-ാം വാർഡ് അംഗം കെ. പി. മനോഹരൻ പിൻതാങ്ങി. ചെങ്ങോടുമലയിൽ സ്വകാര്യ വ്യക്തികൾ വിട്ടു നൽകിയ സ്ഥലത്ത് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  നിർമിച്ച കുടിവെള്ള ടാങ്ക് ക്വാറി കമ്പനി തകർത്തിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ടാങ്ക് പുനർനിർമിക്കാനുള്ള നടപടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ഉഷ ആവശ്യപ്പെട്ടു.

ഖനനത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും കമ്പനി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പഞ്ചായത്തും ഖനന നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെങ്ങോടുമല ശാശ്വതമായി സംരക്ഷിക്കാൻ സർക്കാർ ഏറ്റെടുക്കണമെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി ഈ ആവശ്യം സർക്കാരിനോട് ഉന്നയിക്കണമെന്ന് 12-ാം വാർഡ് മെംബർ ഗീത ഉണ്ണി ചർച്ചയിൽ ആവശ്യപ്പെട്ടു. ഇത് അടുത്ത ഭരണ സമിതി യോഗത്തിൽ അജണ്ടയായി വെക്കാമെന്ന് പ്രസിഡന്റ് സി. എച്ച്. സുരേഷ് പറഞ്ഞു. കോടതിയിൽ നിന്ന് സ്റ്റേ നീക്കം ചെയ്താൽ ടാങ്ക് നിർമിക്കാനുള്ള നടപടി ത്വരിതഗതിയിലാക്കുമെന്നും പ്രസിഡന്റ് ചർച്ചക്ക് മറുപടി പറഞ്ഞു.

Related posts

Leave a Comment