നിരന്തരം ശകാരം ; കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊന്ന പെൺകുട്ടി അറസ്റ്റിൽ

ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊന്നു. കർണാടകയിലെ ചിത്രദുർഗയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിലാണ് ചിത്രദുർഗ പോലീസിൻറെ അന്വേഷണത്തിൽ വൻ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

2021 ജൂലൈ 12നാണ് ചിത്രദുർഗ ജില്ലയിലെ ഗോല്ലാരഹട്ടിയിൽ ഒരു കുടുംബത്തിലെ നാലുപേർ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തത്. തിപ്പ നായിക് ( 45 ), ഭാര്യ സുധ ഭായ് ( 40 ), അമ്മ ഗുണ്ടി ഭായ് ( 80 ), മകൾ രമ്യ ( 16 ) എന്നിവരാണ് കൊല്ലപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിപ്പ നായിക്കിൻറെ പെൺമക്കളിൽ ഒരാൾ കീടനാശിനി റാഗി മാവിൽ കലർത്തി അവളുടെ കുടുംബാംഗങ്ങൾക്ക് വിളമ്പിയെന്ന് പോലീസ് കണ്ടെത്തിയത്.

ഭക്ഷണം കഴിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവശനിലയിലാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെ ജീവൻ രക്ഷിക്കാനായില്ല. തിപ്പ നായിക്കിൻറെ മകനായ രാഹുലിനു മാത്രമാണ് ചികിത്സയ്ക്ക് ശേഷം ജീവൻ തിരിച്ചു കിട്ടിയത്.കീടനാശിനി വിഭവത്തിൽ കലർത്തിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കുടുംബാംഗങ്ങൾ നന്നായി പെരുമാറിയിരുന്നില്ലെന്നും അവളുടെ മാതാപിതാക്കളും മറ്റുള്ളവരും നിരന്തരം ശകാരിച്ചിരുന്നുവെന്നും ഇതാണ് പ്രകോപനമായതെന്നും പോലീസ് പറയുന്നു.

Related posts

Leave a Comment