ഗൂഢാലോചനക്കേസ്; ദിലീപിന്റെ ഫോണുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു

ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകൾ കൈമാറിയത്. അതേസമയം, നാലാം നമ്പർ ഫോൺ പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഫോണുകൾ പരിശോധിക്കാനുള്ള ഏജൻസിയെ ഹൈക്കോടതി തീരുമാനിച്ചേക്കും. ദിലീപ് ഫോൺ കൈമാറാൻ തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോൺ നൽകിയാൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇവ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തിൽ. ഫോൺ ലഭിച്ചാൽ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതൽ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

Related posts

Leave a Comment