ഗൂഢാലോചന കേസ്; ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് ചോദ്യം. ഇവർ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇത് ശാപ വാക്കുകളാണെന്നും അതെങ്ങനെ വധഗൂഢാലോചനയായി കണക്കാക്കുമെന്നും ദിലീപ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തനിക്കെതിരായ മൊഴികൾ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരായ എഫ്.ഐ.ആർ ദുർബലമാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. ദിലീപിൻറെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാർ പറയുന്നു, ഈ ലാപ്ടോപ്പ് എവിടെ പോയെന്നും ദിലീപ് ചോദിച്ചു. അതേസമയം തനിക്കെതിരായ ശബ്ദരേഖയുടെ ആധികാരികതയും ദിലീപ് ചോദ്യം ചെയ്തു. കേസിൽ ആറാമാത്തെ പ്രതിയാരെന്ന് വെളിപ്പെടുത്താത്തത് ദുരൂഹമാണ്, അയാളെ മാപ്പു സാക്ഷിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്, കേസിൽ വിഐപിയുടെ സാന്നിധ്യം ഉണ്ടെന്ന് പറയുന്നതും കെട്ടുകഥയാണ്. നടിയെ അക്രമിച്ചകേസ് പരാജയപ്പെടുമെന്നായപ്പോളാണ് തനിക്കെതിരെ അടുത്ത കേസ് കെട്ടിച്ചമച്ചെതെന്നും ദിലീപ് ആരോപിച്ചു. തനിക്കെതിരെ എ.ഡി.ജി.പി സന്ധ്യയും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും ദിലീപ് കൂട്ടിച്ചേർത്തു. ഗൂഢാലോചന കേസ് എന്തുകൊണ്ടാണ് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നതെന്നും ദിലീപ് ചോദിച്ചു. അതേസമയം ലാപ്‌ടോപ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്നും കോടതി ആരാഞ്ഞു. ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻറെ മൊബൈൽ പരിശോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും ദിലീപ് കോടതിയിൽ വിശദമാക്കി. കേസിൽ വാദം നാളെയും തുടരും.

Related posts

Leave a Comment