ലക്ഷ്യം കണ്ടു, കോൺ​ഗ്രസ് സമരം അവസാനിപ്പിച്ചു

എറണാകുളം: ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനിയുടെ ആത്മഹത്യക്കു കാരണക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നടത്തി വന്ന പ്രക്ഷോഭം അവസാനിപ്പിച്ചതായി ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവർ അറിയിച്ചു. ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് നടപടി. മൂന്നു ദിവസമായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സമരം. സംസ്ഥാന വ്യാപകമായി കെഎസ‌യുവും ഇന്ന് സമരം തുടങ്ങിയിരുന്നു.
ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പാർവീണിന്റെ മാതാപിതാക്കളുമായി മുഖ്യമന്ത്രി ഇന്നു രാവിലെ ഫോണിൽ സംസാരിച്ചിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബെന്നി ബഹനാൻ, അൻവർ സാദത്ത്, റോജി എം. ജോൺ എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രക്ഷോഭത്തിൽ മോഫിയയുടെ മാതാപിതാക്കൾ പങ്കെടുത്തതിനെത്തുടർന്ന് ഇന്നു രാവിലെ മന്ത്രി പി. രാജീവ് ഇവരുടെ വീട് സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോണിൽ വിളിച്ച്, സി ഐ സുധീർ കുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസം ഉണ്ടെന്ന് മോഫിയ പർവീണിന്റെ പിതാവ് പറഞ്ഞു.
കേരളത്തിന്റെ സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവമാണ് മോഫിയയുടെ മരണമെന്ന് അൻവർ സാദത്ത് പറഞ്ഞു. കേരളത്തിലെ ഒരു പെൺകുട്ടിക്കും ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുത്ത മുഴുവൻ ജനങ്ങൾക്കും കോൺ​ഗ്രസ് പ്രവർത്തകർക്കും നേതാക്കൾ നന്ദി അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന പ്രവർത്തക സമതി അം​ഗം എ.കെ. ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. സമര നേതാക്കൾക്ക് അഭിവാദ്യങ്ങൾ. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം. പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാൻ പ്രതിപക്ഷം അനുവദിക്കില്ല. പോലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തണം. ആലുവ സമരം സർക്കാരിനുള്ള താക്കീതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

Related posts

Leave a Comment