കെ – റെയിൽ പദ്ധതി നടപ്പിലാക്കുവാൻ കോൺഗ്രസ് അനുവദിക്കുകയില്ല: പഴകുളം മധു

കൊല്ലം: അഴിമതി നടത്താനും പിണറായി വിജയന് പണം വാരി കൂട്ടാനും മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഒരു ലക്ഷം കോടി രൂപ മുടക്കിയുള്ള കെ റെയിൽ പദ്ധതി എന്ന് കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു. കേരളത്തിൽ പിറന്ന് വീഴാൻ പോകുന്ന കുഞ്ഞുങ്ങളെ പോലും കടക്കെണിയിലാക്കുന്നതും പരിസ്ഥിതി തകർക്കുന്നതുമായ കെ റെയിൽ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കുകയില്ല. കേരളത്തിലെ ജനങ്ങൾക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല പാർട്ടിക്ക് കമ്മീഷൻ കിട്ടിയാൽ മതിയെന്ന നിലപാടാണ് സർക്കാരിനും സി പി എമ്മിനും ഇതേ നിലപാടാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും ഉള്ളതെന്ന് പഴകുളം മധു കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് രാജ്യത്തിന്റെ നിലനിൽപിന് അനിവാര്യമാണെന്ന് തിരിച്ചറിയുകയാണ് ഒാരോ കോൺഗ്രസ്സ് പ്രവർത്തകന്റെയും ആദ്യ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനാ ദൗർബല്യം മാറ്റിയെടുത്തു അടിത്തട്ടു മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിൽ വിഭാഗീയതക്ക് സ്ഥാനമുണ്ടാവില്ലെന്നും അച്ചടക്കം പരമ പ്രധാനമാണെന്നും പഴകുളം മധു പറഞ്ഞു. ജില്ലയുടെ സംഘടനാ ചുമതല ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പുനഃസംഘടനയാണ് ആദ്യ ദൗത്യം. ഡി സി സി, ബ്ലോക്ക് നേതൃത്വത്തിൽ ജനകീയ അടിത്തറയും അംഗീകാരവുമുള്ള നേതാക്കളെ ഭാരവാഹികളാക്കുക എന്നതാണ് പുനഃസംഘടനയുടെ ലക്ഷ്യമെന്നും പഴകുളം മധു പറഞ്ഞു. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി സി വിഷ്ണുനാഥ് എം എൽ എ, കെ സി രാജൻ, ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, മോഹൻശങ്കർ, എൽ കെ. ശ്രീദേവി, കെ. ബേബിസൺ, പി. ജർമ്മിയാസ്, സൂരജ് രവി, കെ. സുരേഷ്ബാബു, എസ്. വിപിനചന്ദ്രൻ, സന്തോഷ് തുപ്പാശ്ശേരി, സുരേഷ് പട്ടത്താനം, ഗീത ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment