‘കരുത്തോടെ കോൺഗ്രസ് തിരികെ വരും’ ; രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതീക്ഷയാണ് ; ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്‌ അഭിരാമി പറയുന്നു

കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് പുതിയ ദിശാബോധം നൽകുന്നതിന്റെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി വച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി ഇതുവരെ രൂപീകൃതമായ യൂണിറ്റ് കമ്മിറ്റികളിൽ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഭിരാമിയെ കൂടുതൽ പരിചയപ്പെടാം.ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് സ്വദേശിയായ അഭിരാമി കോളേജിലെ ചേർത്തല എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിയാണ്. പട്ടണക്കാട് യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റയി ആണ് ഈ പത്തൊൻപതുകാരിയെ തെരെഞ്ഞെടുത്തിരിക്കുന്നത്.

കോൺഗ്രസിനോട് അടുപ്പം തോന്നിയത്

വളരെ ചെറിയ പ്രായത്തിൽതന്നെ അച്ഛനോടൊപ്പം പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ മുതൽ തന്നെ പാർട്ടിയോട് ഇഷ്ടവും താല്പര്യവും തോന്നിയിട്ടുണ്ട്. സ്കൂളിൽ പഠിച്ച പാഠപുസ്തകങ്ങളിൽ സ്വാതന്ത്ര്യ സമരവും ഇന്ത്യയുടെ വികസന നേട്ടങ്ങളും നിറയുമ്പോൾ കോൺഗ്രസിനെ കൂടുതൽ അറിയണമെന്നുണ്ടായിരുന്നു.

കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ആകുമ്പോൾ

എന്നിൽ ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വം ആണെന്ന തിരിച്ചറിവെന്നിലുണ്ട്. രാജ്യത്തും സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിന് പുറത്ത് നിൽക്കുമ്പോൾ താഴെ തട്ടിൽ കൂടുതൽ കരുത്ത് നേടി വളരെ വേഗത്തിൽ തിരികെ വരേണ്ടത് നാടിന്റെ ആവശ്യകതയാണ്. ആ തിരിച്ചറിവിനെ ഉൾക്കൊണ്ടുകൊണ്ട് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ആദർശങ്ങളെയും ആശയങ്ങളെയും എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി നിലകൊള്ളും.

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും നേരിൽ കാണണം

ഇന്നത്തെ രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും. നന്നേ ചെറുപ്പത്തിലെ സ്വന്തം അച്ഛനെയും മുത്തശ്ശിയെയും രാഷ്ട്രത്തിനുവേണ്ടി നഷ്ടപ്പെട്ട രണ്ടുപേരാണ് അവർ. താങ്കളുടെ ബാല്യം സ്വന്തം പിതാവിനെ പോലും രാജ്യത്തിനുവേണ്ടി നഷ്ടമാകുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വന്നെങ്കിലും രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും രാജ്യം പ്രതിസന്ധിയിലായപ്പോൾ വീണ്ടെടുക്കപ്പെടലിന്റെ പ്രതീക്ഷയാണ്. അവരുടെ സ്നേഹവും കാര്യപ്രാപ്തിയും ദീർഘവീക്ഷണവും എല്ലാം ഒരുപാട് ഇഷ്ടമാണ്. എന്നെങ്കിലും ഇരുവരെയും നേരിൽ കാണണമെന്ന അതിയായ ആഗ്രഹമുണ്ട്. വളരെ ചെറിയ പ്രായത്തിൽ അച്ഛനോടൊപ്പം പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ മുതലുള്ള ആഗ്രഹം എന്നെങ്കിലും നടക്കുമെന്ന വിശ്വാസമുണ്ട്.

സി യു സി യുടെ പ്രവർത്തനങ്ങൾ

അറുപതോളം കുടുംബങ്ങൾ അടങ്ങുന്നതാണ് ഒരു കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കുടുംബങ്ങളിലേക്ക് പോലും എത്തിക്കുക എന്ന ലക്ഷ്യവും എല്ലാവരെയും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയെന്ന ഉദ്ദേശ്യവും ആണ് യൂണിറ്റ് കമ്മിറ്റികൾക്ക് ഉള്ളത്. ഇവിടെ ഇരുപത്തിയഞ്ചിലേറെ കുടുംബങ്ങൾ കോൺഗ്രസ് കുടുംബങ്ങളാണ്. അവരെ സംഘടിപ്പിച്ചു അയൽക്കൂട്ടങ്ങളുടെ മാതൃകയിൽ ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ച് സംഘടന കമ്മിറ്റിയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യമുണ്ട്. യൂണിറ്റ് കമ്മിറ്റിയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുവാനും പ്രതിസന്ധികളിൽ താങ്ങായി മാറുവാനും യൂണിറ്റ് കമ്മിറ്റി ശ്രമിക്കും.

രാഷ്ട്രീയത്തിനപ്പുറം

ചേർത്തല എൻ.എസ്.എസ് കോളേജിലെ രണ്ടാം സെമന്റർ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിനിയാണ്. കോവിഡ് മൂലം ക്ലാസുകൾ ഓൺലൈൻ ആയതിനാൽ കോളേജിലേക്ക് ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല. വിദ്യാർഥി സംഘടനാ പ്രവർത്തനത്തോട് വലിയ താല്പര്യം ആണുള്ളത്. എന്നാൽ കോളേജ് അടഞ്ഞു കിടക്കുന്നതിനാൽ കെഎസ്‌യു പ്രവർത്തനങ്ങളുടെ ഭാഗമാകുവാൻ സാധിച്ചിട്ടില്ലെന്ന നിരാശയുണ്ട്.

കോൺഗ്രസും സ്ത്രീസമത്വവും

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തരായ പ്രധാനമന്ത്രിമാരിൽ ഒരാളായ ഇന്ദിരാഗാന്ധിയെ ആ സ്ഥാനത്തേക്ക് എത്തിച്ചത് കോൺഗ്രസാണ്.അതിനുപുറമേ ഇന്ത്യയുടെ ചരിത്രത്തിലെ വനിതാ രാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും മന്ത്രിമാരും മുഖ്യമന്ത്രിമാരും എല്ലാം കോൺഗ്രസിന്റെ സംഭാവനകളാണ്.ഇന്നും പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷ ഒരു വനിതയാണ്. സ്ത്രീകൾക്ക് വലിയ ഇടം നൽകുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. അതിനുപുറമേ രാജ്യത്ത് സ്ത്രീകൾക്ക് വേണ്ടി എക്കാലവും നിലകൊള്ളുവാനും കോൺഗ്രസിന് സാധിച്ചിട്ടുണ്ട്.

പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചു വരും

രാജ്യത്തൊട്ടാകെ കോൺഗ്രസിന് ക്ഷീണം സംഭവിച്ചെന്ന് എല്ലാവരും പറയുമ്പോഴും കോൺഗ്രസ് തന്നെയാണ് ഇന്ന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാര മാർഗ്ഗം. കഴിഞ്ഞ ദിവസങ്ങളിൽ കർഷകർ കൊലചെയ്യപ്പെട്ടപ്പോൾ അവിടേക്ക് എത്തിയതും അവർക്ക് ആശ്വാസം ആയതും കോൺഗ്രസാണ്.

പത്തൊമ്പതാം വയസ്സിലെ പാർട്ടി ഭാരവാഹിത്വത്തിലെ പിന്തുണകൾ

കോൺഗ്രസ് കുടുംബമാണ്. യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗത്തിൽ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ പിന്തുണ കളെ നാളെകളിൽ പ്രവർത്തനത്തിലൂടെ ചേർത്തു നിർത്താനാണ് ആഗ്രഹിക്കുന്നത്.

കെപിസിസി പ്രസിഡന്റിന്റെ അഭിനന്ദനം

യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം ഫോണിൽ ബന്ധപ്പെട്ടത് കെ സി വേണുഗോപാൽ ആയിരുന്നു. പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിളിച്ചപ്പോൾ വലിയ സന്തോഷം തോന്നി. തുടർന്ന് ഒട്ടേറെ നേതാക്കൾ ഫോണിൽ ബന്ധപ്പെടുകയുണ്ടായി. എല്ലാവരും അവരുടെ പിന്തുണ ഉറപ്പുനൽകി. ഇതുവരെ അറിയാത്ത ആളുകൾ പോലും വലിയ പിന്തുണ നൽകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

ഭാവിയെപ്പറ്റി

പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തണമെന്ന് ഇല്ല. കോൺഗ്രസ് ജീവനാണ്. രാഷ്ട്രീയത്തിനപ്പുറം പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഏറ്റവും വലിയ ലക്ഷ്യം.അതോടൊപ്പം മികച്ച രീതിയിൽ സംഘടന പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണം.നാളെകളിലും ഏതു സാഹചര്യങ്ങളിലും കോൺഗ്രസിനൊപ്പം ചലിക്കുവാനാണ് ആഗ്രഹം.

Related posts

Leave a Comment