മത സൗഹാര്‍ദത്തിനു കോണ്‍ഗ്രസ് മുന്‍കൈ എടുക്കും, യോഗം വിളിക്കും

കോഴിക്കോട്: വിദ്വേഷ പ്രചാരണങ്ങളിലൂടെ സംസ്ഥാനത്തിന്‍റെ മതസൗഹാര്‍ദവും സാമൂഹികാന്തരീക്ഷവും തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍കൈ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വ്യക്തമാക്കി. കോഴിക്കോട്ട് സമസ്ത നേതാവ് കാന്തപുരം അബുബക്കര്‍ മുസലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയാരുന്നു നേതാക്കള്‍. ഇന്നലെ താമരശേരി അരമനയിലെത്തി ബിഷപ്പുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. ഓൺലൈൻ മാധ്യങ്ങൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല. പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ പറഞ്ഞു.

സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനു വേണ്ടി മത നേതാക്കളുടെയും വിവിധ കക്ഷി നേതാക്കളുടെയും സംയുക്ത യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തില്‍ മത മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്ന് സുധാകരനും സതീശനും വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. സമൂഹ മാധ്യമങ്ങളിലൂടെ വിഷലിബ്ധമായ പ്രചാരണങ്ങളാണ് പല കോണുകളില്‍ നിന്നു നടക്കുന്നത്. ഇതിനെതിരേ പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില അസാധാരണമാംവിധം അപകടാവസ്ഥയിലായിട്ടും മുഖ്യമന്ത്രി മിണ്ടുന്നതുപോലുമില്ല. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിനു മറുപടി പോലും നല്‍കാതിരുന്നത് അങ്ങേയറ്റത്തെ കൃത്യവിലോപമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ‌വിദ്വേഷ പ്രാചരങ്ങളില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. അത് അപകടമാണ്. മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment