തുരുമ്പെടുക്കുന്നത് കോടികൾ; ലോ ഫ്‌ളോർ ബസുകൾ നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

കൊച്ചി: കോടികളുടെ ലോ ഫ്ലോർ ബസ്സുകൾ തുരുമ്പെടുത്ത് നശിക്കുന്ന എറണാകുളം തേവരയിലെ കെ.യു.ആർ.ടി.സി ഡിപ്പോ കോൺഗ്രസ് സംഘം സന്ദർശിച്ചു.അറുപതിലേറെ ലോ ഫ്ലോർ ബസുകളാണ് അകവും പുറവും ഒരുപോലെ നശിച്ച അവസ്ഥയിൽ ഡിപ്പോയിലുള്ളത്.ദേശസാൽകൃത റൂട്ടുകൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനും സി പി എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് ഗതാഗത മേഖല കൈമാറി സി പി എമ്മിന് പണമുണ്ടാക്കാനുളള അണിയറ നീക്കങ്ങളാണ് നടക്കുന്നതെന്ന് കോൺഗ്രസ് പ്രതിനിധി സംഘം ആരോപിച്ചു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കെ പി സി സി ഭാരവാഹികളും ജനപ്രതിനിധികളും തേവരയിലെ കെ യു ആർ ടി സി ഡിപ്പോയും ഇവിടെ കൂട്ടിയിട്ടിരിക്കുന്ന ബസുകളും സന്ദർശിച്ചത്.

ഒരുകാലത്ത് നഗരത്തിൽ ഏറെ പ്രൗഢിയോടെ സഞ്ചരിച്ചവയാണ് ഇവ. അധികൃതരുടെ അനാസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.കെയുആർടിസിക്ക് കീഴിൽ പ്രത്യേകമായിട്ടായിരുന്നു ജീവനക്കാരെ നിയോഗിച്ചത്,​ വണ്ടികൾ ഓടാതെ വന്നതോടെ മറ്റു ഡിപ്പോകളിലേക്ക് ജീവനക്കാരെ മാറ്റി. നിലവിൽ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കോടികളുടെ പൊതുമുതൽ നശിക്കുമ്പോഴും സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ടിജെ വിനോദ് എംഎൽഎ കുറ്റപ്പെടുത്തി.

പൊതു ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്നും ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പതിനഞ്ച് വർഷം ഉപയോഗിക്കാവുന്ന ബസുകൾ നാലോ അഞ്ചോ വർഷം മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഇത് തികഞ്ഞ അനാസ്‌ഥയാണ്. പൊതുഖജനാവ്‌ കൊള്ളയടിച്ച ഉദ്യോഗസ്‌ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.സ്വിഫ്റ്റ് കമ്പനി രൂപീകരിച്ച് ദേശസാൽകൃത റൂട്ടുകൾ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാനാണ് നീക്കം നടക്കുന്നത്. നിലവിലെ ലോ ഫ്‌ളോർ ബസുകൾ ഉപയോഗശൂന്യമാണെന്ന് വരുത്തി തീർത്ത് ഊരാളുങ്കൽ വഴി ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി കർണാടകയിലും തമിഴ്‌നാട്ടിലും ഊരാളുങ്കൽ സൊസൈറ്റി നിരവധി ബസുകൾ വാങ്ങി കഴിഞ്ഞു. ലോ ഫ്‌ളോർ ബസുകൾക്കായി വാങ്ങിയ പണം പാഴാക്കി വളഞ്ഞ വഴിയിൽ സി പി എമ്മിന് പണമുണ്ടാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. കെ എസ് ആർ ടി സിയെ രാഷ്ട്രീയവത്കരിച്ച് ഊരാളിങ്കലിന് പണമുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

ലോ ഫ്‌ളോർ ബസുകൾ നശിപ്പിക്കപ്പെട്ടതിനു ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും ആരുമില്ലാത്ത അവസഥയാണ്. ജനറം പദ്ധതി വഴിയും സർക്കാർ പണം മുടക്കിയും വാങ്ങിയ ബസുകൾ ബോധപൂർവം നശിപ്പിക്കുകയാണ്. കെ എസ് ആർ ടി സി യെ യഥാർഥ വെള്ളാനകളുടെ നാടാക്കി മാറ്റിയിരിക്കുകയാണ്. സ്വകാര്യമേഖലയ്ക്ക് ഗതാഗത മേഖല തീറെഴുതി നൽകാനുള്ള ശ്രമത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കും.

ടി.ജെ. വിനോദ് എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഉപവാസ സമരവും ബഹുജന മാർച്ച് അടക്കമുള്ള ശക്തമായ സമര പരിപാടികളും ആരംഭിക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. മുഹമ്മദ് ഷിയാസിനൊപ്പം ടി.ജെ. വിനോദ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജെയ്‌സൺ ജോസഫ്, ടോണി ചമ്മിണി, കെ.പി. ഹരിദാസ്, മുഹമ്മദ് കുട്ടി മാസ്റ്റർ, തമ്പി സുബ്രഹ്മണ്യം, ജോസഫ് ആന്റണി, സി.കെ. ഗോപാലൻ, സിമ്മി റോസ്‌ബെൽ ജോൺ, എം.പി. ശിവദത്തൻ, ബെൻസി ബെന്നി, കെ.എക്‌സ് . സേവ്യർ, പോളച്ചൻ മണിയങ്കോട്ട് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment