കർഷകരെ സ്വാസ്ഥ്യ തീരത്തെത്തിക്കാൻ കോൺ​ഗ്രസ് ; ലേഖനം വായിക്കാം

ഗോപിനാഥ് മഠത്തിൽ

വലിയ ആരവങ്ങൾക്കൊടുവിൽ കർഷകസമരം വിജയം കണ്ടിരിക്കുന്നു. ചർച്ചാനിഷേധങ്ങൾക്കൊടുവിൽ യാതൊരു ഉപാധിയും കൂടാതെ കർഷകരുടെ ആവശ്യം കേന്ദ്രഗവൺമെന്റ് അംഗീകരിക്കുന്നു എന്നതുതന്നെ ഒരുവലിയ തന്ത്രത്തിന്റെ ഭാഗമായി വേണം കരുതേണ്ടത്. നടത്തിയ അപൂർവ്വം ചർച്ചകളിൽ കർഷകർക്ക് മുമ്പിൽ വച്ച നിയമങ്ങളിൽനിന്നും തീരുമാനങ്ങളിൽനിന്നും അണുവിട വ്യതിചലിക്കാൻ അധികാരികൾ തയ്യാറായിരുന്നുമില്ല. പെട്ടെന്ന് ഒരുദിനം ഉൾവിളിപോലെയാണ് കർഷകരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുന്നത്. അത് പുലിയുടെ കുതിക്കലിൻ മുമ്പുള്ള പരുങ്ങൽ എന്ന അടവു നയമെന്നുവേണം കരുതേണ്ടത്. എന്താണ് അതെന്ന് തിരിച്ചറിയണമെങ്കിൽ വളരെക്കാലം കാത്തിരിക്കേണ്ടതില്ല. കുറഞ്ഞപക്ഷം ആസന്നമായ ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ പരുങ്ങലിന്റെ എരട്ടിവേഗത്തിൽ കർഷകർക്കുനേരെ ഒരു മിന്നൽപ്രഹരത്തിന് കേന്ദ്രസർക്കാർ തയ്യാറായിക്കൂടെന്നുമില്ല. പ്രത്യേകിച്ച് വ്യക്തമായൊരു കർഷകനയം കാത്തുസൂക്ഷിക്കുന്ന അവർക്ക് കർഷകരെ തല്ലിയും തലോടിയും രസിക്കലാണ് വിനോദം. അവിടെയാണ് കോൺഗ്രസ് കർഷകരുടെ മിത്രമാവേണ്ടതും അവരുടെ ആശങ്കകൾ അകറ്റാൻ സക്രിയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതും.
വമ്പൻ കോർപറേറ്റുകൾക്ക് അതിശയിപ്പിക്കത്തക്കവിധം കോടിക്കണക്കിന് രൂപ വായ്പ നൽകുന്ന ബിജെപി സർക്കാർ അത് അദാനിയിൽ നിന്നും അംബാനിയിൽ നിന്നും ഈടാക്കുന്നത് ഒരുശതമാനം പലിശമാത്രമാണ്. വിജയമല്യയെപ്പോലുള്ളവർ സഹസ്രകോടികൾ വെട്ടിച്ചുനടക്കുമ്പോൾ കർഷകരുടെ വായ്പാ തവണയ്ക്ക് അൽപ്പം കാലതാമസം സംഭവിച്ചാൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും തുടരെ ഭീഷണിക്കത്തും അതിനൊടുവിൽ ജപ്തിയും പിന്നാലെ കർഷക ആത്മഹത്യയും സംഭവിക്കുന്ന ഒരുരാജ്യത്ത് കർഷകന്റെ ആത്മാഭിമാനം വളർത്തുന്ന അല്ലെങ്കിൽ അവനിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്ന നവീന പദ്ധതികൾക്ക് രൂപം കൊടുക്കാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കർഷകസംഘടനയ്ക്ക് കഴിയണം. ചുരുങ്ങിയ പക്ഷം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും അതിന് തുടക്കം കുറിക്കാൻ കഴിഞ്ഞാൽ അരക്ഷിതാവസ്ഥയിലായ കർഷകർക്ക് അതൊരു വലിയ ആശ്വാസം തന്നെയാകും. ഭരണം ഇല്ലെങ്കിലും കോൺഗ്രസ് പ്രതിപക്ഷത്തായിരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകരുടെ നെഞ്ചിടിപ്പ് അകറ്റാനും ഭാവിയെക്കുറിച്ചുള്ള വികല ചിന്തകൾ നീക്കാനും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന കർഷകസംഘടന ശ്രദ്ധിക്കണം. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളംകണ്ടാലും അറയ്ക്കും എന്നുപറഞ്ഞതുപോലെയാണ് കർഷകർക്ക് കോൺഗ്രസ്സിനോടുള്ള സമീപനം. കർഷകരുടെയും വ്യവസായ തൊഴിലാളികളുടെയും രക്തവും വിയർപ്പും ഊറ്റിയെടുത്ത് വളർന്നു പന്തലിച്ച കമ്മ്യൂണിസ്റ്റുപാർട്ടികളും ബിജെപിയുമെല്ലാം കാഴ്ചവച്ചിട്ടുള്ളത് അവരെ വഞ്ചിച്ച ചരിത്രമാണ്. ആ ചരിത്രം മനസ്സിൽ കർഷകർക്ക് മറ്റു പാർട്ടികളോടെന്ന പോലെ കോൺഗ്രസ്സിനോടും ഒരു അകൽച്ച ഉണ്ടാവുക സ്വാഭാവികമാണ്. ആ അകൽച്ചയെ കറയറ്റ സൗഹൃദമാക്കി വളർത്തിയെടുക്കാനുള്ള കർമ്മപദ്ധതികളാണ് ഇനിമുതൽ കോൺഗ്രസ്സിൽ നിന്ന് ഉണ്ടാകേണ്ടത്. അതിനായി കർഷക ഗൃഹങ്ങൾ സന്ദർശിച്ച് അവരുടെ ആവലാതികൾക്കും പരിഭവങ്ങൾക്കും പരിഹാരം കാണാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകനും ശ്രമിക്കേണ്ടിയിരിക്കുന്നു, ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ജവഹർലാൽ നെഹ്‌റുവിന്റെ കാലംമുതൽ പഞ്ചവത്സരപദ്ധതികളിലൂടെ ഭാരതത്തിലെ കർഷകന് സ്വന്തമായൊരു അസ്തിത്വം കരുപിടിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. പ്രത്യക്ഷത്തിൽ കർഷകരുടെ മുഖത്തുനോക്കി ഒന്നുപറയുകയും പരോക്ഷമായി വൻകിട കോർപറേറ്റുകളെ പരിധിയിൽ കഴിഞ്ഞ് സഹായിക്കുന്ന ദ്വന്ദ്വവ്യക്തിത്വം ഒരുകാലത്തും കോൺഗ്രസ് അനുവർത്തിച്ചിട്ടില്ല. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അവർ അധികാരത്തിലെത്തിയ നാൾ മുതൽ പിന്തുടർന്നുവരുന്നത് അതുതന്നെയാണ്. ആധുനിക കമ്മ്യൂണിസ്റ്റുപാർട്ടികൾക്ക് പാടത്തുപണിയെടുക്കുന്ന ചിരുതയെയും കോരനെയും ചാത്തനെയും ഒന്നും ഇപ്പോൾ കണ്ടാൽ പിടിക്കില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ഏഴയലത്ത് അടുപ്പിക്കുക പോലുമില്ല. ഒരുകാലത്ത് കമ്മ്യൂണിസത്തിന്റെ ജീവശ്വാസമായിരുന്ന അവർ ഇന്ന് നിരാലംബരും അനാഥരുമാണ്. അവരുടെ അനാഥത്വത്തെ സനാഥത്വത്തിലേക്ക് നയിക്കാൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകമാനം കോൺഗ്രസ്സിന് കഴിയണം. നെഹ്‌റുവും ഇന്ദിരാജിയും രാജീവ്ഗാന്ധിയും ഭരണത്തിലിരുന്ന നാളുകളിലെ കർഷകരുടെ ഓജസ്സും തേജസ്സും ആത്മവീര്യവും വീണ്ടെടുക്കുന്നതിലാകണം ഇന്നുമുതൽ കോൺഗ്രസ് ശ്രദ്ധിക്കേണ്ടത്. കർഷകരെ രാഷ്ട്രീയത്തിലെ പരീക്ഷണവസ്തുവാക്കി മാറ്റുന്ന ബിജെപിയുടെ അടവുനയത്തിൽ നിന്ന് ഭിന്നമായ കാഴ്ചപ്പാടോടെ ആത്മാർത്ഥമായ സ്‌നേഹത്തോടെ കർഷകരെ പൂർണ വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ്സിന് കഴിയണം. ഇന്ന് ഭാരതം ആഗ്രഹിക്കുന്നത് കോൺഗ്രസ്സിന്റെ മടങ്ങിവരവാണ്. അധികാരത്തിലുള്ള ബിജെപിയും പ്രതിപക്ഷ ഐക്യത്തിന്റെ പേരുപറഞ്ഞ് തൃണമൂലും കോൺഗ്രസ്സിനെ രണ്ടുവിധത്തിൽ തരംതാഴ്ത്താൻ ശ്രമിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിന്റെ പഴയ ഊർജ്ജസ്വലത വീണ്ടെടുത്ത് ഉണർന്ന് പ്രവർത്തിക്കുവാൻ കോൺഗ്രസ്സിനു മാത്രമേ സാധ്യമാകൂ. ഭാരതത്തിന്റെ മനസ്സിൽ സത്യത്തിന്റെയും ധർമ്മത്തിന്റെയും നേരടയാളമായി നിലനിൽക്കാനും പ്രവർത്തിക്കാനും ഇനിയുള്ള കാലം കോൺഗ്രസ്സിനേ കഴിയൂ. അതിൽ ആദ്യപടി എന്നോണം കർഷകരെ സുസജ്ജമാക്കി സ്വന്തം ചേരിയിൽ അണി നിരത്താനും മറ്റു പാർട്ടികളുടെ സ്വാർത്ഥത ബോധ്യപ്പെടുത്തിക്കൊടുക്കാനും കോൺഗ്രസ് ശ്രമിക്കണം. ഏത് വിപരീത സാഹചര്യത്തിലും പാർട്ടിയുടെ നിലപാടു തറയിലെ നഷ്ടപ്പെട്ട അടരുകളും അതിനൊപ്പം ജനസ്വാധീനവും തിരികെ പിടിക്കുവാൻ കർഷക കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും വർണ്ണത്തിന്റെയോ സമ്പത്തിന്റെയോ മികവ് നോക്കാതെ അന്നമൂട്ടുന്ന കർഷകരെ ത്രിശങ്കുവിലാക്കാതെ സ്വാസ്ഥ്യ തീരത്തെത്തിക്കാൻ കഴിയുക എന്നതാണ് കാലം കോൺഗ്രസ്സിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും കടമയും.

വാൽക്കഷണം:
സിബിഐ പെരിയ ഇരട്ടക്കൊലയിൽ അറസ്റ്റിന്റെ പുതിയ അധ്യായം തീർത്തിരിക്കുന്നു. ഈ അന്വേഷണം തടയാൻ പിണറായി സർക്കാർ ചെലവിട്ടത് 90.92 ലക്ഷം രൂപയാണ്. പ്രതികളായ സി.പി.എം. നേതാക്കളെ രക്ഷിക്കാൻ പൊതുഖജനാവിൽ നിന്നാണ് വൻതുക ചെലവിട്ടത്. അതിന്റെ ഭാഗമായി സിബിഐ അന്വേഷണം തടയാൻ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകരെ അണിനിരത്തുകയും ചെയ്തു. പക്ഷേ സംഭവിക്കേണ്ടതുതന്നെ സംഭവിച്ചു. മുൻ സിപിഎം എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ അടക്കം പുതിയ പ്രതികൾ ഈ കേസിൽ കൂട്ടിച്ചേർക്കപ്പെട്ടു. നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം എന്നുപാടിയ സഖാക്കൾ പുതിയ വിലങ്ങുകൾ സ്വീകരിക്കുകയും പാവം ജനങ്ങളുടെ പണം തുലയ്ക്കുകയും ചെയ്തു. ആർക്കുവേണ്ടി? എന്തിനുവേണ്ടി? വിത്തില്ലാതെ കതിര് കൊയ്യാൻ കാത്തിരുന്ന സഖാക്കൾക്കുവേണ്ടി, അല്ലാതെ ആർക്കാണ്?

Related posts

Leave a Comment