മോദി സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകണം : വിഎം സുധീരൻ

തിരുവനന്തപുരം : സമ്പൂർണ്ണ മുതലാളിത്ത അടിമത്തത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മഹാവിപത്തായ കോവിഡ് സൃഷ്ടിച്ച സമാനതകളില്ലാത്ത പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന് മുഴുവൻ ജനങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഈ നിർണായക ഘട്ടത്തിൽ രാജ്യത്തിൻ്റെ പൊതുസമ്പത്ത് വ്യാപകമായി വിറ്റഴിക്കുന്ന തീവ്രനടപടികളുമായി നരേന്ദ്രമോദി സർക്കാർ മുന്നേറുന്ന അതിവിചിത്രമായ സാഹചര്യമാണ് സംജാതമായിട്ടുള്ളത്. രാഷ്ട്രത്തിൻ്റെ ജീവനാഡിയായ റെയിൽവേ, ദേശീയപാത, വൈദ്യുതി വിതരണ ശൃംഖല, വൈദ്യുതി നിലയങ്ങൾ, പ്രകൃതിവാതക പൈപ്പ്ലൈൻ, ടെലികോം, സംഭരണശാലകൾ, ഖനികൾ, കോഴിക്കോട് ഉൾപ്പടെയുള്ള വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ, നഗരപാർപ്പിട മേഖലയടക്കമുള്ള പൊതു സമ്പത്താണ് വിൽപ്പനയ്ക്ക് വെച്ചിട്ടുള്ളത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബാങ്കിംഗ് -ഇൻഷുറൻസ് ഉൾപ്പെടെ നിരവധി മർമ്മപ്രധാന സംവിധാനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള തെറ്റായ നടപടികളുടെ തുടർച്ചയാണിത്. പൊതുഖജനാവിലെ നിക്ഷേപങ്ങളിലൂടെ രൂപപ്പെട്ട ദേശീയ ആസ്തികൾ  സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ജനക്ഷേമകരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ വികസനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിന് പകരം അന്ധമായി സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് ജനദ്രോഹപരമാണ്; ജനാധിപത്യ വിരുദ്ധവുമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
 നെഹ്റുവിയൻ സാമ്പത്തിക നയങ്ങളെ സദാ കുറ്റപ്പെടുത്തുന്ന മോഡി, നെഹ്റു-ഇന്ദിര സർക്കാരുകൾ പൊതു മേഖലയ്ക്ക് പ്രാമുഖ്യം നൽകി വികസിപ്പിച്ച ആസ്തികളെയാണ് ഇപ്പോൾ സ്വകാര്യമേഖലയ്ക്ക് വിറ്റു തുലയ്ക്കാൻ ഒരുമ്പെടുന്നത്. രാജ്യത്തിൻ്റെയും ജനജീവിതത്തിന്റെയും നിലനിൽപ്പിനാധാരമായ ഈ സുപ്രധാന ഘടകങ്ങളെല്ലാം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ശ്രമിക്കുന്ന മോഡി സർക്കാരിന് ഭരണരംഗത്ത് കൈകാര്യം ചെയ്യുന്നതിനവശേഷിക്കുന്നത് പരിമിതമായ കാര്യങ്ങൾ മാത്രമാണ്. ചുരുക്കത്തിൽ, രാജ്യഭരണത്തിന്റെ സുപ്രധാന തലങ്ങളെല്ലാം ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത വിദേശ-സ്വദേശ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറുന്ന ദുസ്ഥിതിയിലേക്കാണ്  നയിക്കപ്പെടുന്നത്. ഇതിനെതിരെ സുശക്തവും സുസംഘടിതവുമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരേണ്ടിയിരിക്കുന്നു. ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗോജ്ജ്വലമായി അനവരതം പോരാടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ മഹത്തായ ഇന്ത്യാ രാജ്യത്തെ മുതലാളിത്ത അടിമത്തത്തിലേക്ക് തള്ളിവിടുന്ന ഈ രാജ്യദ്രോഹ നടപടികൾക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകണം. അതിനായി ധാർമിക കരുത്തും ജനപിന്തുണയും ജനവിശ്വാസവും നേടിയെടുക്കാൻ കോൺഗ്രസ് പ്രാപ്തമാകണം. അതിനുവേണ്ടി 1991 മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നവലിബറൽ സാമ്പത്തിക നയങ്ങളിൽ സ്വയംവിമർശനപരവും സത്യസന്ധവുമായ പരിശോധന നടത്തി തെറ്റുകൾ തിരുത്തണം. രാഷ്ട്ര പുരോഗതിയേയും  ജനതാല്പര്യത്തെയും മുൻനിർത്തി  മുൻപ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും  നടപ്പാക്കിയ സാമ്പത്തികനയങ്ങളിലേക്ക് മടങ്ങിപ്പോകയും വേണം. എങ്കിൽ മാത്രമേ മോദി ഭരണകൂടത്തിൻ്റെ  ‘പൊതുസ്വത്ത് വിറ്റഴിക്കൽ മാമാങ്കത്തി’നെതിരെയുള്ള പ്രക്ഷോഭത്തിന് കരുത്താർജിക്കാനും ജനവിശ്വാസം നേടിയെടുക്കാനും കഴിയൂ. അതോടെ കോൺഗ്രസ് അനുവർത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്ന മോദി ഭരണകൂടത്തിൻ്റെ പ്രചരണത്തിന് അന്ത്യം കുറിക്കാനുമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment