Delhi
കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ട് നിരത്തുന്ന ‘ബ്ലാക്ക് പേപ്പര്‍’ പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ട് നിരത്തുന്ന ‘ബ്ലാക്ക് പേപ്പര്‍’ പുറത്തിറക്കി കോണ്‍ഗ്രസ്. ‘ദസ് സാല് അന്യായ് കാല്’ എന്ന പേരില്‍ പുറത്തിറക്കിയ ബ്ലാക്ക് പേപ്പറില്‍ 10 വര്‍ഷമായി അധികാരത്തിലുള്ള മോദി സര്‍ക്കാറിന്റെ പരാജയങ്ങളും ബി.ജെ.പിയിതര സര്‍ക്കാരുകളെ അവഗണിക്കുന്നതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്യം ഭരിച്ച യു.പി.എ സര്ക്കാറരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ചയെ മോദി സര്‍ക്കാരിന്റെ കാലത്തെ വളര്‍ച്ചയുമായി ബ്ലാക്ക് പേപ്പറില്‍ താരതമ്യം ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്ന് ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വയം പ്രകീര്‍ത്തിക്കുകയും പരാജയങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നതിനാലാണ് കോണ്‍ഗ്രസ് ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിയത്. കേന്ദ്രത്തിന്റെ ഭരണ പരാജയങ്ങള്‍ പറയാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാത്തതിനാലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കലും ചര്‍ച്ച ചെയ്യാത്ത തൊഴിലില്ലായ്മയെ കുറിച്ചുള്ള വിശദാംശങ്ങളും ബ്ലാക്ക് പേപ്പറില്‍ ഉണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലത്ത് സ്ഥാപിതമായ എച്ച്.എ.എല്‍, ഭെല്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളെ കുറിച്ച് മോദി പരാമര്‍ശിക്കുന്നില്ല. ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനം കാണിക്കുകയും അവഗണിക്കുകയും ചെയ്യുകയാണ്.രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. നിരവധി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചു. ബി.ജെ.പി രാജ്യത്ത് ജനാധിപത്യം അവസാനിപ്പിക്കുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
Delhi
‘സുപ്രീംകോടതിക്ക് ദുഷ്പേരുണ്ടാക്കും’: ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്ത നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമായിരിക്കെ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് കപില്‍ സിബല്‍. ജുഡീഷ്യറിക്കെതിരെ ഗോസ്സിപ്പുണ്ടാക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുന്നതാണിതെന്നും സുപ്രീംകോടതിക്ക് ദുഷ്പേരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങ് പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിക്കാണില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
‘ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഒരു കാഴ്ചക്കാരനായി നില്‍ക്കരുത്. പ്രത്യേകിച്ച്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രക്കാരനായ ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി പൂജ നടത്തുന്നത് പരസ്യമാക്കരുതായിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിയിട്ടുണ്ടാവില്ല. എന്നിരുന്നാലും, രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ജനങ്ങള്‍ക്ക് സുപ്രീംകോടതിയെ കുറിച്ച് ഗോസ്സിപ്പ് പറയാന്‍ അവസരം നല്കുന്ന വിധത്തില്‍ ഇടപെടരുതായിരുന്നു.
യഥാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ 50 വര്‍ഷത്തോളമായി സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മഹാന്മാരായ പല ജസ്റ്റിസുമാരെയും കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനോടും അങ്ങേയറ്റം ബഹുമാനമാണുള്ളത്. അദ്ദേഹം വളരെ മികച്ച വ്യക്തിത്വമുള്ളയാളാണെന്ന് ഒരു മടിയും കൂടാതെ പറയാന്‍ കഴിയും.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പൂജയുടെ ദൃശ്യങ്ങള്‍ കണ്ടു. തികച്ചും ആശ്ചര്യം വന്നു. ചില തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എനിക്ക് ഇത്തരം കൂടിക്കാഴ്ചകളെ കുറിച്ച് പറയാനുള്ളത്. ഒരു പൊതുപ്രവര്ത്തകന്, അത് രാഷ്ട്രപതിയായാലും പ്രധാനമന്ത്രിയായാലും ചീഫ് ജസ്റ്റിസായാലും, ഒരു സ്വകാര്യ ചടങ്ങിനെ പരസ്യമാക്കരുത്. ആ ചടങ്ങ് പരസ്യമാകുമെന്ന് ചീഫ് ജസ്റ്റിസ് ധരിച്ചിട്ടുണ്ടാവില്ല. രണ്ടാമത്തെ കാര്യം, ഇന്ത്യയുടെ പ്രധാനമന്ത്രി ഇങ്ങനെയൊരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള താല്പര്യം കാണിക്കരുതായിരുന്നു. അതൊരു തെറ്റായ സന്ദേശം നല്‍കുമെന്ന കാര്യം പ്രധാനമന്ത്രി തിരിച്ചറിയണമായിരുന്നു’ -സിബല്‍ പറഞ്ഞു.ഇത്തരം ദൃശ്യങ്ങള്‍ ജനങ്ങളില്‍ എന്ത് പ്രതികരണമാകും ഉണ്ടാക്കുക എന്നതാണ് വിഷയം. സുപ്രീംകോടതി പോലൊരു സ്ഥാപനത്തിന് ഇത് ഒട്ടും നല്ലതല്ല. കോടതിയെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതെല്ലാം വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശ പൂജയില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Delhi
അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്
എന്നാല്‍, സി.ബി.ഐ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഹരജി കോടതി തള്ളി. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിലെ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 41ന്റെ ഉത്തരവ് പാലിക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.
കെജ്രിവാളിനെയും സി.ബി.ഐ.യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബര്‍ 5ന് സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ, സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്ത നടപടിയില്‍ കെജ്രിവാളിനെ എതിര്‍ത്തിരുന്നു. കെജ്രിവാള് ജാമ്യത്തിനായി ഡല്‍ഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയമാണ് ചെയ്തത്.
ഇ.ഡി ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ജൂണ്‍ 26നാണ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ ജൂലൈ 12ന് കെജ്രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Delhi
സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും
ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ജിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും. ശനിയാഴ്ച പകല്‍ 11 മുതല്‍ മൂന്ന് വരെ സി.പി.എം ആസ്ഥാനമായ, ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കൈമാറും. ഇതുസംബന്ധിച്ച് യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസം സി.പി.എം ദുഃഖാചരണം
കേരളത്തിലെ പാര്‍ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നല്കിയ നേതാവായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. വേര്പാടിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാര്‍ടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചനം സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാര്‍ടി പതാക താഴ്ത്തിക്കെട്ടും.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login