വിലവർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം ഇരമ്പി

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം ഇരമ്പി.കേന്ദ്രസർക്കാരിന്റെ ഇന്ധന-പാചകവാതക വിലവർധനവിനെതിരെഎഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് കേരളത്തിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകൾക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും പാചകവാതക സിലണ്ടറുകൾ,വാഹനങ്ങൾ എന്നിവയ്ക്ക് മുകളിൽ മാലചാർത്തി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.വിലക്കയറ്റ മുക്തഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുന്നത്. കേരളത്തിൽ ഏപ്രിൽ 4ന് ഡിസിസികളുടെ നേതൃത്വത്തിലും 7ന് കെപിസിസിയുടെ നേതൃത്വത്തിലും ധർണ്ണയും മാർച്ചും സംഘടിപ്പിക്കും.

കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കുടുംബസമേതം പങ്കെടുത്തു. ഇന്ധന-പാചകവാതകങ്ങളുടെ തുടർച്ചയായ വിലവർധനവ് ജനജീവതം ദുരിതത്തിലാക്കിയെന്ന് കെ.സുധാകരൻ പറഞ്ഞു. സമഗ്രമേഖലയിലും വിലവർധനവ് ബാധിച്ചു. അവശ്യസാധാനങ്ങൾക്കും നിർമ്മാണ സാമഗ്രികൾക്കും വിലകുത്തനെ ഉയർന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ധനനികുതിയിലൂടെ പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അധികവരുമാനം.

പാചകവാതക സബ്‌സിഡി നിർത്തലാക്കിയ ശേഷം അടിക്കടി വിലവർധിപ്പിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധിക്കുമ്പോൾ കേരളസർക്കാരിനും അധികവരുമാനം ലഭിക്കുന്നു. ഓരോ വർഷവും 5000 കോടിക്ക് മുകളിലാണ് കേരളസർക്കാരിന്റെ പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള വരുമാനം. എന്നാൽ ഒരു രൂപയുടെ ഇന്ധന നികുതിപോലും കുറയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മിന് ധാർമിക അവകാശമില്ല.ഉപഭോകൃത സംസ്ഥാനമായ കേരളത്തെ വിലവർധനവ് വലയക്കുമ്പോഴാണ് ഇരുട്ടിപോലെ സംസ്ഥാന സർക്കാർ ബസ്-ഓട്ടോ-ടാക്‌സി ചാർജ് നിരക്ക് വർധിപ്പിച്ചത്.ബസ് മിനിമം ചാർജ്ജ് അഞ്ചുകിലോമീറ്റർ ആയിരുന്നത് രണ്ടര കിലോമീറ്ററായി പുനഃക്രമീകരിച്ചത് കടുംകൈയാണ്. നിരക്ക് വർധനവ് സംബന്ധിച്ച് നിരവധി അപാകതളുണ്ട്.ഇതിനുപുറമെ വൈദ്യുതചാർജ്ജ് വർധിപ്പിക്കാനുള്ള അണിയറ നീക്കം സജീവമായി നടക്കുന്നുയെന്നും സുധാകരൻ പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതി കൊണ്ട് നരേന്ദ്ര മോദി സർക്കാർ എട്ടുവർഷം കൊണ്ട് 26 ലക്ഷം കോടിയാണ് ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുത്തതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. പാചകവാതക ഇന്ധനവില വർധനവ് ജനത്തെ വീർപ്പ് മുട്ടിക്കുകയാണ്. വരുമാനം കണ്ടെത്താനുള്ള ഉപാധിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെ കാണുന്നു. ഇന്ത്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന നേപ്പാൾ ഇന്ത്യയിലെക്കാൾ പാതിവിലക്കാണ് അവിടെ വിൽക്കുന്നത്. നികുതിക്കൊള്ള ഇല്ലാത്തതിനാണ് നേപ്പാളിൽ പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് വിലക്കുറവ്. വർധിപ്പിച്ച ഇന്ധനവിലയുടെ അധികനികുതി വേണ്ടെന്ന് വെയ്ച്ച് ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകാനുള്ള നടപടി കേരള സർക്കാർ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

കെപിസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധ സമരത്തിൽ ടി.യു.രാധാകൃഷ്ണൻ,എൻ ശക്തൻ,വി.പ്രതാപചന്ദ്രൻ,ജി.എസ്.ബാബു,ജി.സുബോധൻ,പഴകുളം മധു,കെപി ശ്രീകുമാർ,എംഎം നസീർ,മണക്കാട് സുരേഷ്, ശരത്ചന്ദ്ര പ്രസാദ്,പന്തളം സുധാകരൻ,കെ.മോഹൻകുമാർ,ആർ.വത്സലൻ,പുനലൂർ മധു,ആറ്റിപ്ര അനിൽ,വിനോദ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നന്ദാവനത്ത് സംഘടിപ്പിച്ച പ്രതിഷേധസമരം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.ഇന്ധനവില വർധനവിലൂടെ അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം കെ.എസ്.ആർ.ടിസി, സ്വകാര്യ ബസ്സുകൾ,മത്സ്യത്തൊഴിലാളികൾ, ഓട്ടോ,ടാക്‌സി തൊഴിലാളികൾ എന്നിവർക്ക് സബ്‌സിഡിയായി നൽകിയിരുന്നെങ്കിൽ ചാർജ്ജ് വർധനവ് ഒഴിവാക്കാമായിരുന്നെന്ന് വിഡി സതീശൻ പറഞ്ഞു.യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ കാർഗോഡ് നിലേശ്വരത്ത് നടന്ന പ്രതിഷേധത്തിലും പങ്കെടുത്തു.

Related posts

Leave a Comment