ഇന്ധനവില കുറയ്ക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ അതൊന്നും കാണാതെ ഖജനാവ് നിറയ്ക്കുകയാണ്: കെ സുധാകരൻ

ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവില കുറയ്ക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ അതൊന്നും കാണാതെ ഖജനാവ് നിറയ്ക്കുകയാണെന്ന് കെ.സുധാകരൻ പറഞ്ഞു. അന്താരാഷ്ട്ര വിപണയിൽ ഇന്ധനവില കുറയുമ്പോൾ ഇവിടേയും കുറയുകയാണ് വേണ്ടത്. എന്നാൽ രാജ്യത്ത് ഇന്ധനവില കൂടുകയാണ്.

ഉമ്മൻചാണ്ടി സർക്കാരിനു മനുഷ്യത്വമുള്ളതിനാൽ ഇന്ധനവില കുറച്ചു മാതൃക കാണിച്ചിരുന്നു. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന കെ-റെയിലിനു 1.20 ലക്ഷം കോടിയാണ് ചെലവ്. ജലപാതയും പണിയാൻ പോകുകയാണ്. ജനങ്ങൾക്ക് ജലപാതയും കെ റെയിലും വേണ്ട. ഇന്ധനവില കുറച്ച് സാധനങ്ങളുടെ വില കുറയാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.

ധൂർത്ത് കാരണം സംസ്ഥാന സർക്കാരിന്റെ കട ബാധ്യത വർധിക്കുകയാണ്. മറുഭാഗത്ത് പാവപ്പെട്ടവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സർക്കാർ ഉണ്ടാക്കുന്നു. ജനങ്ങളിൽനിന്ന് 18,000 കോടിരൂപയാണ് ഇന്ധന നികുതിയായി പിഴിഞ്ഞെടുത്തത്. ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിഷേധ നിലപാടാണ് തുടരുന്നതെങ്കിൽ സമരത്തിന്റെ സ്വഭാവം മാറുമെന്നും കെ.സുധാകരൻ പറഞ്ഞു.

രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ പ്രതിഷേധ സമരം നടന്നു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു.

Related posts

Leave a Comment