പെട്രോളിയം വിലവര്‍ധനവിനെതിരേ പ്രക്ഷോഭം വിജയിപ്പിക്കണംഃവിഡിഎസ്

തിരുവനന്തപുരംഃ മഹാമാരിയുടെ കാലത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്കു നിരന്തരം വില വര്‍ധിപ്പിച്ചു ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 66-68 ഡോളറായി നില്‍ക്കുമ്പോഴാണ് കേരളത്തില്‍ പെട്രോള്‍ എല്ലാ ജില്ലകളിലും നൂറു രൂപയ്ക്കു മുകളിലെത്തിയത്. ക്രൂഡ് വില ഇരുപത്തഞ്ചു രൂപയിലേക്കു കുറഞ്ഞു നിന്നപ്പോഴും ആനുപാതികമായി വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ഇതു ജനങ്ങളോടുള്ള ക്രൂരതയാണ്.

പെട്രോളിന് കൊച്ചിയിലും വില നൂറു രൂപ ആയി ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്തെല്ലായിടത്തും പെട്രോള്‍ വില നൂറു രൂപയ്ക്കു മുകളിലാണ്. കഴിഞ്ഞ ദിവസം പാചക വാതകവിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയും വ്യാവസായി സിലിണ്ടറുകള്‍ക്ക് 80 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഹോട്ടലുകളും റസ്റ്ററന്‍റുകളും അടച്ചിടുകയും നാമമാത്രമായി പാഴ്സല്‍ സര്‍വീസുകള്‍ മാത്രം നടത്തുകയും ചെയ്യുമ്പോഴാണ് പാചകവാതക വില ഇത്രയധികം ഉയര്‍ത്തിയത്. മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ മുതികിലേക്കു കൂടുതല്‍ ഭാരം കയറ്റിവയ്ക്കുന്ന നടപടിയാണിത്. ഇതിനെതിരേ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തില്‍ എല്ലാവരും അണിചേരണ‌മെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment